പുന്നപ്ര വിയാനിയിലെ കള്ളുഷാപ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്ന്
ആലപ്പുഴ: ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് അടച്ച പുന്നപ്ര വിയാനി റോഡിലെ 64-ാം നമ്പര്‍ കള്ളുഷാപ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ കേസ് പരിഗണിക്കവെയാണ് ചെയര്‍മാന്‍ പി.കെ. ഹനീഫയും അംഗം ബിന്ദു എം തോമസും ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ഷാപ്പ് അടച്ചിട്ടിരിക്കുകയാണെന്നും തുറന്നാല്‍ വീണ്ടും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ പരാമര്‍ശം. കേസ് ഉത്തരവിനായി മാറ്റി.
മുളക്കുഴ വില്ലേജിലും ചെങ്ങന്നൂര്‍ നഗരസഭയിലുമായി പ്രവര്‍ത്തിക്കുന്ന മൂന്നു സെമിത്തേരികള്‍ നിയമപരമായി ലൈസന്‍സ് നേടുന്നതിന് അപേക്ഷ നല്‍കാന്‍ കമ്മിഷന്‍ പരാതിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മുളക്കുഴയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നത് തടസപ്പെടുത്തുന്നതിന് ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാവുന്നതാണെന്ന് കമ്മിഷന്‍ സൂചിപ്പിച്ചു. ഉചിതമായ നിര്‍ദേശം നല്‍കുന്നതിനായി കേസ് മാറ്റി.
മകനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിക്കുന്നതായി കാട്ടി കായംകുളം പള്ളിക്കല്‍ സ്വദേശിനി നല്‍കിയ പരാതി അടുത്ത സിറ്റിങിലേക്ക് മാറ്റി. 21 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. പുതിയ രണ്ട് അപേക്ഷ സ്വീകരിച്ചു. അഞ്ചു കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. ജില്ലയിലെ കമ്മിഷന്റെ അടുത്ത സിറ്റിങ് മേയ് 24ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."