വന്യമൃഗ ശല്യം: മുഴുവന്‍ നഷ്ടപരിഹാര അപേക്ഷകളും തീര്‍പ്പാക്കി
കല്‍പ്പറ്റ: വന്യമൃഗശല്യം മൂലമുണ്ടായ നാശനഷ്ട അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കി വയനാട് വന്യജീവി സങ്കേതം അധികൃതര്‍.
ഇത്രയും അപേക്ഷകര്‍ക്കായി അരക്കോടിയിലധികം രൂപയാണ് പാസാക്കിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകരുടെ കൈകളില്‍ തുക എത്തുമെന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ പറഞ്ഞു. 2018 ഏപ്രില്‍ 30 വരെയുള്ള അപേക്ഷകളില്‍ 50ഓളം അപേക്ഷകള്‍ പരിഗണിക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇത് പരിഗണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം തന്നെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാകും. ഇതോടെ എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയെന്ന നേട്ടമാണ് വന്യജീവി സങ്കേതം അധികൃതര്‍ കൈവരിച്ചത്.
2018ല്‍ വന്യജീവി ശല്യത്തിന് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചത് 69,000,00 രൂപയാണ്. എല്ലാ അപേക്ഷകളും പരിഗണിച്ചാലും 60 ലക്ഷത്തോളം രൂപയാണ് മൊത്തം നല്‍കേണ്ടി വരുക. 698 അപേക്ഷകര്‍ക്കായിട്ടാണ് അരക്കോടിയില്‍പ്പരം രൂപ അനുവദിച്ചത്. വിളനാശം-627 അപേക്ഷകള്‍, കന്നുകാലികളുടെ നഷ്ടം-54, വീടിനും വസ്തുവകകള്‍ക്കുമുള്ള നാശം-13, പരുക്ക്-4 എന്നിങ്ങനെയാണ് അപേക്ഷകള്‍ തരംതിരിച്ചത്. വന്യജിവീ ശല്യം മൂലമുള്ള നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞാലും തുക കിട്ടുന്നില്ലെന്ന കര്‍ഷകരുടെ മുറവിളിക്കിടെയാണ് എല്ലാ അപേക്ഷകളും വന്യജീവി സങ്കേതം അധികൃതര്‍ തീര്‍പ്പാക്കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി ശല്യമുള്ള ജില്ലകളിലൊന്നാണ് വയനാട്. ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തില്‍ കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 15 പേര്‍. തൊട്ടുപിന്നില്‍ വയനാട്, എറണാകുളം ജില്ലകളാണ്. 13 പേര്‍ വീതം. തിരുവനന്തപുരം-5, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ ഓരോന്നു വീതം, മലപ്പുറം-5, കണ്ണൂര്‍-4 എന്നിങ്ങനെയാണ് വന്യജീവി ആക്രമണം മൂലം മറ്റു ജില്ലകളിലുള്ള മരണം. 2016 മെയ് മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയത് 2,68,499 രൂപയാണ്. കൃഷിനാശത്തിന് ഇതേ കാലയളവില്‍ 60,68,451 രൂപ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."