ചെറവല്ലൂര്‍ തുരുത്തുകാരുടെ റോഡെന്ന സ്വപ്നം സഫലമാകുന്നു
ചങ്ങരംകുളം: ചെറവല്ലൂര്‍ തുരുത്തുകാരുടെ റോഡെന്ന സ്വപ്നം സഫലമാകുന്നു. മഴക്കാലമായാല്‍ ചുറ്റും വെള്ളംനിറഞ്ഞ് തോണിയിലൂടെയും വേനല്‍ക്കാലത്ത് ചെളിനിറഞ്ഞ പാടവരമ്പിലൂടെയുമാണ് തുരുത്തുകാര്‍ കരയിലെത്തിയിരുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ബണ്ട് തകര്‍ന്ന് തുരുത്തുമ്മല്‍ കോള്‍പടവില്‍ കൃഷി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളംനിറഞ്ഞത് നിര്‍മാണം പ്രതിസന്ധിയിലാക്കി. തുരുത്തിലെ 13 കുടുംബങ്ങളിലെ രോഗികളും വയോധികരും സ്ത്രീകളും കുട്ടികളും ഏറെ പ്രയാസപ്പെട്ടാണ് കരയിലെത്തിയിരുന്നത്. തോണിയപകടം പതിവാണ്. ഏതാനും വര്‍ഷം മുന്‍പ് സ്ത്രീകള്‍ തുഴഞ്ഞ തോണി മറിഞ്ഞു വീട്ടമ്മ മരിച്ചിരുന്നു. റോഡില്ലാത്തതുമൂലം പ്രദേശത്ത് നല്ല വിവാഹാലോചനപോലും വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെറവല്ലൂര്‍ തുരുത്തിന്റെ ദുരിതകാലം തീരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
തുരുത്തുമ്മല്‍ കോള്‍പ്പടവില്‍ 480 ഏക്കറില്‍ പരന്നുകിടക്കുന്ന പ്രസന്നമായ സ്ഥലമാണ് ചെറുവല്ലൂര്‍ തുരുത്ത്. ജനുവരിയില്‍ നെല്‍കൃഷി ആരംഭിക്കുന്നതു മുതല്‍ മെയ് മാസത്തിലെ കൊയ്ത്തുവരെ കോള്‍പ്പടവിലെ പച്ചപ്പിലൂടെ നടന്നു ചെറുവല്ലൂര്‍ തുരുത്തിലെത്താം. വേനല്‍ കഴിഞ്ഞുള്ള ഏഴുമാസം കോള്‍പാടത്തില്‍ വെള്ളം നിറയും. തുരുത്തിലേക്കുള്ള ബണ്ട് റോഡ് ഇതുവരെ പണിയാത്തതിനാല്‍ ഈ സമയത്ത് കോള്‍പ്പാടം കടക്കാന്‍ വഞ്ചി തുഴയുക മാത്രമാണ് രക്ഷ. തുരുത്തില്‍ 13 കുടുംബങ്ങളാണ് താമസം. എല്ലാവര്‍ക്കും സ്വന്തമായി കടത്തുവള്ളങ്ങളുമുണ്ട്. രണ്ടുമുതല്‍ നാലുപേര്‍ക്കുവരെ കയറാവുന്ന കടത്തുവള്ളങ്ങളിലാണു യാത്ര. തുരുത്തിനക്കരെയുള്ളവര്‍ യാത്രയ്ക്കും ബൈക്കും കാറും വാങ്ങുമ്പോഴും തുരുത്തിലുള്ളവരുടെ വാഹനസങ്കല്‍പം ഇപ്പോഴും വഞ്ചിതന്നെ.
വഞ്ചികള്‍ ചെറുതാണെങ്കിലും വര്‍ഷാവര്‍ഷം വലിയൊരു തുകതന്നെ ഇവയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ചെലവാക്കണം. വഞ്ചി നന്നാക്കാന്‍ പണമില്ലാതെ വരുമ്പോള്‍ യാത്ര പൊട്ടിപ്പൊളിഞ്ഞ വഞ്ചികളില്‍ത്തന്നെ. പേരുകേട്ട തുഴച്ചില്‍കാരില്ല ചെറുവല്ലൂരിലെ കടത്തുവള്ളങ്ങളുടെ അമരം കാക്കാന്‍.
എന്നാല്‍ ഇവരോടു കിടപിടിക്കുന്ന നിശ്ചയദാര്‍ഢ്യത്തോടെയാണു ദിവസവും രണ്ടുവട്ടമെങ്കിലും ചെറുവല്ലൂര്‍ തുരുത്തിലെ വീട്ടമ്മമാര്‍ കടത്തുതോണികളില്‍ അക്കരേക്കു തുഴയെറിയുന്നത്. ചങ്ങരംകുളത്തെ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികളെ അക്കരെയെത്തിക്കാനും തുരുത്തുകടന്നു ജോലിക്കു പോകുന്ന ഭര്‍ത്താക്കന്മാരെ യാത്രയാക്കാനും വഞ്ചിയൂന്നുകയാണ് ഇവിടത്തെ കുടുംബിനികള്‍. ദിവസവും കാലത്തു യാത്രയാക്കുന്നവരെ വൈകുന്നേരം തുരുത്തില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചാലാണ് ഒരുദിവസത്തെ 'ഡ്യൂട്ടി' അവസാനിക്കുക. അതിജീവനത്തിനായി ഈ വീട്ടമ്മമാര്‍ തുഴയെറിയുമ്പോള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമാണെങ്കിലും ആടിയുലയുന്ന കൊച്ചുവള്ളത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു നെഞ്ചില്‍ പിടച്ചിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."