കൊടക്കല്‍ ഓട്ടുകമ്പനി മാഞ്ഞുപോയിട്ട് ഒരു പതിറ്റാണ്ട്
തിരുന്നാവായ: ഭാരതപ്പുഴയോരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുളള കൊടക്കല്‍ ഓട്ടുകമ്പനി ചരിത്ര വിസ്മൃതിയിലേക്ക് മാഞ്ഞുപോയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. മാമാങ്ക ഭൂമിയില്‍ 113 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ഇന്ത്യയിലെ തന്നെ അത്യപൂര്‍വമായ ടൈല്‍ ഫാക്ടറി 2006 ലാണ് പൊളിച്ചുനീക്കിയത്. മൂന്ന് മാസക്കാലമെടുത്താണ് ഓട്ടു കമ്പനി പാടെ പൊളിച്ചുമാറ്റിയത്. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് മൂന്ന് രാജ്യത്തിന്റെ ചരിത്രങ്ങളുടെ കഥ പറയുന്ന ഓട്ടു കമ്പനി വിസ്മൃതിയിലാണ്ടത്. ഹൈക്കോടതിയിലുണ്ടായിരുന്ന കേസില്‍ ഉടമകള്‍ക്ക് അനുകൂലമായി അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഫാക്ടറി പൊളിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും തീരുമാനമുണ്ടായത്. ഓട്ടു കമ്പനി സംരക്ഷിക്കേണ്ടതിലെന്ന നിലപാടാണ് പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
ഒരു കൂട്ടം ചരിത്ര സ്‌നേഹികള്‍ രൂപം നല്‍കിയ മാമാങ്ക സംരക്ഷണ സമിതിയാണ് ടൈല്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. 1845 ല്‍ ബാസല്‍ മിഷനാണ് ഈകമ്പനി കൊടക്കല്ലില്‍ നിര്‍മിച്ചത്. ജര്‍മ്മന്‍, ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വാസ്തു ശില്‍പ കരകൗശല വിദഗ്ധരാല്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട ഫാക്ടറിയായിരുന്നു ഇത്. ഓട്ടു കമ്പനി പൊളിച്ചടക്കുന്ന വേളയില്‍ പുരാവസ്തു വകുപ്പ് ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ ഫാക്ടറിക്കടിയില്‍ അത്ഭുതപൂര്‍വമായ അറകളും ഗുഹകളും കണ്ടെത്തിയിരുന്നു. കമ്പനി വളപ്പില്‍ നടത്തിയ ഖനനത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള നന്നങ്ങാടിയും മണ്‍കുടങ്ങളും ആയുധങ്ങളും കണ്ടെടുത്തിയിരുന്നു.
ചരിത്ര ശേഷിപ്പായ നിലപാടുതറയുടെ അവശിഷ്ടങ്ങളും ലഭിച്ചത് ഫാക്ടറി കോംപൗണ്ടിലെ ഗവേഷകകരുടെ പരിശോധനയിലായിരുന്നു. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി കമ്പനി സംരക്ഷിച്ച് ചരിത്ര മ്യൂസിയമാക്കാന്‍ തയാറായിരുന്നുവെങ്കില്‍ മാമാങ്ക നാടിന്റെ വികസനത്തിനും സര്‍ക്കാരിനും ഉടമകള്‍ക്കും വരുമാനം ലഭിക്കുമായിരുന്നുവെന്ന് ചരിത്ര കുതുകികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."