ബത്തേരി-മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് സര്‍വിസ് തീരുമാനം വികസന സമിതി യോഗത്തിനു ശേഷം
സുല്‍ത്താന്‍ ബത്തേരി: പനമരം-മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് സര്‍വിസ് തുടരുന്ന കാര്യം ജില്ലാ വികസന സമിതി യോഗത്തിനു ശേഷം തീരുമാനിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി അറിയിച്ചു.
ഏറെക്കാലമായി ഈ റൂട്ടില്‍ പെര്‍മിറ്റിനെയും സമയത്തെയുംചൊല്ലി കെ.എസ്.ആര്.ടി.സി ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ പ്രശ്നം തുടരുകയാണ്. മുന്‍പ് സമയത്തെച്ചൊല്ലി പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശമനുസരിച്ച് ആര്.ടി.ഒയുടെ സാന്നിധ്യത്തില്‍ സ്വകാര്യ ബസ് ജീവനക്കാരെയും കെ.എസ്.ആര്.ടി.സി. അധികൃതരേയും വിളിച്ച് യോഗം ചേരുകയും കെ.എസ്.ആര്.ടി.സിയുടെ പെര്‍മിറ്റുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ രേഖയില്‍ കാണിച്ചത് അഞ്ച് പെര്‍മിറ്റുകള്‍ മാത്രമാണ്. ഇതേ റൂട്ടില്‍ കണ്ണൂരിലേക്ക് പോകുന്ന പെര്‍മിറ്റുകളാണ് പിന്നീട് കെ.എസ്.ആര്.ടി.സി അധികൃതര്‍ കാണിച്ചത്. ഈ പെര്‍മിറ്റുകള്‍ ഉപയോഗിച്ചാണ് ബത്തേരി-മാനന്തവാടി റൂട്ടില്‍ ലോക്കല്‍ സര്‍വിസ് നടത്തുന്നത്. കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം ജില്ലാ വികസന സമിതിയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് അറിയിച്ചത്.
കെ.എസ്.ആര്.ടി.സിക്ക് എത്ര പെര്മിറ്റുകളുണ്ടെന്ന് പരിശോധിക്കാന്‍ ആര്.ടി.ഒയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വികസന സമിതിക്കു ശേഷം തുടര്‍ന്നും കെ.എസ്.ആര്.ടി.സി 12 സര്‍വിസുകള്‍ നടത്താനാണ് നീക്കമെങ്കില്‍ സ്വകാര്യ ബസ് സര്‍വിസ് അവസാനിപ്പിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ രഞ്ജിത് റാം, മുരളീധരന്, കെ.എം. ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."