നേന്ത്രക്കായ അരിയുന്ന യന്ത്രത്തിന് അധ്യാപകന് പേറ്റന്റ്
മലപ്പുറം: നേന്ത്രക്കായ അരിയുന്ന യന്ത്രത്തിന് അധ്യാപകന് പേറ്റന്റ് ലഭിച്ചു. കണ്ണൂര്‍ സ്വദേശിയും തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമായ ജോയ് അഗസ്റ്റിനാണ് പേറ്റന്റ് ലഭിച്ചത്. ബനാന സ്ലൈസര്‍ എന്ന് പേരിട്ടിരിക്കുന്ന യന്ത്രം 12 വര്‍ഷം മുന്‍പാണ് അഗസ്റ്റിന് കണ്ടുപിടിച്ചത്. തുടര്‍ന്ന് പേറ്റന്റിന് അപേക്ഷ നല്‍കുകയായിരുന്നു.
നേന്ത്രക്കായ പേപ്പര്‍ കനം മുതല്‍ എളുപ്പത്തില്‍ അരിയാന്‍ കഴിയുന്ന യന്ത്രത്തിന് കായയുടെ കറ നീക്കം ചെയ്യാനുള്ള കഴിവുമുണ്ട്. അര എച്ച്.പി മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് മണിക്കൂറില്‍ നൂറ് കിലോമുതല്‍ 200 കിലോവരെ അരിയാന്‍ കഴിയും. പ്രധാന ഭാഗങ്ങളെല്ലാം സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ 15,000 മുതല്‍ 18,000 രൂപ വരെ മാത്രമെ വില വരികയുള്ളൂവെന്ന് ജോയ് അഗസ്റ്റിന് പറഞ്ഞു.
കണ്ടുപിടുത്തത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പീരമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഗ്രാന്‍ഡും കേരള ശാസ്ത്ര ഭവന്റെ മൂന്ന് ലക്ഷം രൂപയുടെ ഗ്രാന്‍ഡും ലഭിച്ചിട്ടുണ്ട്. തിരൂര്‍ സ്വദേശിയായ അഷ്റഫിന്റെ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് നിര്‍മാണം നടത്തിയത്. ഉണങ്ങിയ അടയ്ക്ക പൊളിക്കുന്ന യന്ത്രവും ഇദ്ദേഹം നേരത്തെ കണ്ടുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."