ഡോക്ടര്‍മാരില്ല; താളംതെറ്റി ബത്തേരി താലൂക്ക് ആശുപത്രി
സുല്‍ത്താന്‍ ബത്തേരി: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനല്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. താലൂക്ക് ആശുപത്രിയുടെ കണക്കുപ്രകാരം 36 ഡോക്ടര്‍മാരാണ് വേണ്ടത്. എന്നാല്‍ ഇവിടെ ഉള്ളത് 12 ഡോക്ടര്‍മാര്‍ മാത്രമാണ്. ഇതില്‍ അത്യാവശ്യം വേണ്ട ഗൈനക്കോളജിസ്റ്റ് തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിനാല്‍ ഇവിടെയെത്തുന്ന ഗര്‍ഭിണികളടക്കമുള്ളവര്‍ സ്വകാര്യ ആശുപത്രികലെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ആയിരത്തോളം രോഗികളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സര്‍ജറി, അനസ്‌ത്യേഷ്യ അടക്കം ഒന്‍പത് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലുള്ള 12 ഡോക്ടര്‍മാരെ വച്ചാണ് ബത്തേരി ഫെയര്‍ലാന്റിലെയും ട്രാഫിക് ജങ്ഷനിലേയും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്.
ട്രാഫിക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ആകെ ഉണ്ടായിരുന്ന ഗോനക്കോളജി ഡോക്ടര്‍ രണ്ടാഴ്ച മുന്‍പ് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയതോടെ ഇവിടെ എത്തുന്ന ഗര്‍ഭിണികള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നിലിവല്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ ഫെയര്‍ലാന്റ് ആശുപത്രിയില്‍ നിന്നു കാഷ്വാലിറ്റിയിലെ ഡോക്ടറെ വച്ചാണ് ഗര്‍ഭിണികളുടെ ഒ.പി പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനാല്‍ സിസേറിയന്‍ അടക്കമുള്ളവ ഇവിടെ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
അതേസമയം ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കവും പതിവാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."