വ്യാജ സിം കാര്‍ഡ് വില്പന; സ്ഥാപനയുടമ പിടിയില്‍
പെരുമ്പാവൂര്‍: തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് വ്യാജ മൊബൈല്‍ കണക്ഷന് വില്പന നടത്തിയ കേസില്‍ സ്ഥാപനയുടമയെ പൊലിസ് പിടികൂടി. തണ്ടേക്കാട് സ്വദേശി വള്ളൂരാന് വീട്ടില്‍ റക്കീബ് (48)നെയാണ് പെരുമ്പാവൂര്‍ പൊലിസ് പിടികൂടിയത്.
പ്രതിയുടെ കടയില്‍ മൊബൈല്‍ കണക്ഷന് എടുക്കാനെത്തുന്ന ആളുകളില്‍ നിന്നും കണക്ഷന് വേണ്ടി ഹാജറാക്കുന്ന ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഇവര്‍ അറിയാതെ കൂടുതല്‍ കോപ്പികളെടുത്ത് വിവിധ മൊബൈല്‍ കമ്പനികളുടെ കണക്ഷനെടുത്ത് ഇയാള്‍ ആക്ടിവേറ്റ് ചെയ്യും. ശേഷം തിരിച്ചറിയല്‍ കാര്‍ഡുകളില്ലാതെ മൊബൈല്‍ കണക്ഷനെടുക്കാനെത്തുന്നവര്ക്ക് അമിത വിലയ്ക്ക് ഇത്തരത്തില്‍ ആക്ടിവേറ്റ് ചെയ്ത് വച്ചിരിക്കുന്ന സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുകയായിരുന്നു.
പെരുമ്പാവൂര്‍ പൊലിസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണ കേസിന്റെ അന്വേഷണത്തിനിടെയാണ് ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയാതി ശ്രദ്ധയില്‍പെട്ടത്. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പൊലീസ് കടയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത വിവിധ കമ്പനികളുടെ 34 സിം കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. സംഭവത്തില്‍ കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഉടമ റക്കീബ് ഒളിവില്‍ പോകുകയായിരുന്നു. ഒരാളുടെ പേരില്‍ അഞ്ച് സിം കാര്‍ഡുകള്‍ വരെ എടുത്തിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടേക്കാട് ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."