ട്രോളിങ് നിരോധനം: സര്‍ക്കാര്‍ നിലപാടിനെതിരേ മത്സ്യമേഖലയില്‍ പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: ട്രോളിങ്ങ് നിരോധന കാലയളവില്‍ കേന്ദ്ര നിലപാടിന് വിരുദ്ധമായുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ മത്സ്യ മേഖലയില്‍ വന്‍ പ്രതിഷേധം. മത്സ്യതൊഴിലാളി മേഖലയെ വഞ്ചിക്കുന്നതാണന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മത്സ്യ ബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി കൊച്ചിയില്‍ പ്രതിഷേധ ധര്‍ണ നടത്തി. നാഷണല്‍ ഫിഷര്‍മെന്‍ വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു
ട്രോളിങ് നിരോധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹരജി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് തീരദേശ സംസ്ഥാനങ്ങള്‍ പോലും കുറഞ്ഞത് 61 ദിവസം ട്രോളിങ് നിരോധനം നടത്തുമ്പോള്‍ കേരളത്തിലിത് 45 ദിവസം മാത്രമാണ്.
സംസ്ഥാനനീക്കം കുത്തക ട്രോളിങ് ബോട്ടുടമകള്‍ക്ക് നേട്ടവും അന്യസംസ്ഥാന ബോട്ടുകളുടെ കടന്നുകയറ്റത്തിനും ഇടയാക്കും. ഇത് പരമ്പരാഗത മത്സ്യമേഖലയെ തകര്‍ക്കാനിടയാക്കും. കുടാതെ വിദേശ ട്രോളറുകളെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഗുണഫലത്തെ ഇല്ലാതാക്കാനും മത്സ്യസമ്പത്ത് നശിക്കാനുമിടയാക്കും.
സംസ്ഥാന സര്‍ക്കാര്‍ നടപടിക്കും സമീപനത്തിനുമെതിരേ കരയിലും കടലിലും സമരാഹ്വാനവുമായി പ്രതിഷേധയോഗം സമാപിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് പി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു. വി.ഡി.മജീന്ദ്രന്‍, പി.വി.വിത്സന്‍,ചിന്നാ ജോസഫ്,ആശ്രയം രാജു,വി.എസ്.പൊടിയന്‍ എല്‍.ജെ.ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."