കാസിയ ഇറക്കുമതി ചെയ്യുന്നതിനു കര്‍ശന നിയന്ത്രണം
കല്‍പ്പറ്റ: മനുഷ്യശരീരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയ വ്യാജ കറുവപ്പട്ട(കാസിയ) ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനു ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ന്യൂഡല്‍ഹി (ഇറക്കുമതി വിഭാഗം) കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിറക്കി.
വ്യാജ കറുവപ്പട്ടക്കെതിരേ വര്‍ഷങ്ങളായി ബോധവല്‍ക്കരണങ്ങളും നിയമയുദ്ധങ്ങളുമായി ഒറ്റയാള്‍പോരാട്ടം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയാനാര്‍ഡോ ജോണിന്റെ ശ്രമഫലമായാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ഉത്തരവ് പ്രകാരം മനുഷ്യശരീരത്തിന് ഹാനികരമല്ലാത്ത .3 ശതമാനം കോമറിന്‍ ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യഥാര്‍ഥ കറുവപ്പട്ടയില്‍ .004 ശതമാനം കോമറിനാണ് അടങ്ങിയിരിക്കുന്നത്. കാസിയയില്‍ ഇതു നാലു ശതമാനത്തിലേറെയാണ്.
ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാസിയ ഇറക്കുമതി ചെയ്ത് കറുവപ്പട്ടയെന്ന പേരില്‍ വില്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്‌പൈസസ് ബോര്‍ഡ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വാണിജ്യ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങിയവര്‍ക്കെല്ലാം നിരവധി പരാതി ഇദ്ദേഹം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പല തവണ അന്വേഷണങ്ങളും നടന്നിട്ടുണ്ട്. കാസിയയുടെ ഇറക്കുമതി തടയണമെന്നാവശ്യപ്പെട്ടാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇറക്കുമതി നിരോധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കറിമസാലകളിലും ബിരിയാണികളിലും കറുവപ്പട്ടയ്ക്കു പകരം ഉപയോഗിക്കുന്നത് വിഷാംശം അടങ്ങിയ കാസിയയാണെന്ന് ലിയനാര്‍ഡോ ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇവയ്ക്കു കറുവാപ്പട്ടയോടു സാദൃശ്യമുണ്ട്. യഥാര്‍ഥ കറുവപ്പട്ടയുടെ ഉള്‍ഭാഗം കട്ടികുറഞ്ഞ് ചുരുണ്ടിരിക്കും.
എന്നാല്‍ വ്യാജനായ കാസിയക്ക് ഘനം കുറവയായിരിക്കും. ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് കാസിയ ഇറക്കുമതി ചെയ്യുന്നത്. കരളിനെയും വൃക്കകളെയും ബാധിക്കുന്ന വിഷാംശം കാസിയയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും കാസിയ നിരോധിച്ചിട്ടുണ്ട്. കാസിയ ഉപയോഗിക്കുന്നതിലൂടെ ജനങ്ങള്‍ മാരക രോഗങ്ങള്‍ക്കടിമയാകുന്നുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."