കെ.എസ്.ആര്‍.ടി.സി കടുത്ത നടപടിയിലേക്ക്, ദീര്‍ഘകാല അവധി അനുവദിക്കില്ല
തിരുവനന്തപുരം: ജീവനക്കാരുടെ കുറവുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സി ശുദ്ധികലശത്തിനൊരുങ്ങുന്നു. ബോര്‍ഡിന്റെ നിലവിലെ സ്ഥിതിയില്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം.
ദീര്‍ഘകാലം അവധിയെടുത്തുപോയ എല്ലാ വിഭാഗം ജീവനക്കാരോടും ജൂണ്‍ പത്തിനകവും അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാത്തവരോട് ഈമാസം 25 നകവും ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നോട്ടിസയച്ചു.
സമയപരിധിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തവരെ മറ്റൊരു ഉത്തരവുമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നിലവില്‍ 391 ജീവനക്കാരാണ് അഞ്ചുവര്‍ഷത്തെ ദീര്‍ഘകാലാവധിയെടുത്ത് രാജ്യത്തിനകത്തും വിദേശത്തുമായി മറ്റു ജോലികള്‍ ചെയ്യുന്നത്. അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ഇതുവരെയും ജോലിയില്‍ പ്രവേശിക്കാത്ത 73 ജീവനക്കാരുണ്ട്. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്‌പെക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, എ.ഡി.ഇ തസ്തികയിലുള്ളവരാണു അവധിയെടുത്തവര്‍.കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ച് വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയും. അതതു യൂനിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം. പിന്നീട് 90 ദിവസംവരെയുള്ള അവധികള്‍ ഭരണവിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് അനുവദിക്കാം. ഇതുകഴിഞ്ഞാല്‍ സി.എം.ഡിയുടെ അനുവാദവും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."