സംസ്ഥാന ഹജ്ജ് ക്യാംപ്: ഒരുക്കങ്ങള്‍ അടുത്ത മാസം
ആരംഭിക്കും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ അടുത്തമാസം അവസാനത്തോടെ നെടുമ്പാശ്ശേരിയില്‍ ആരംഭിക്കും. സിയാലിന്റെ കീഴിലുള്ള ഏവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് (സിയാല്‍ അക്കാദമി) ഇത്തവണത്തെ ക്യാംപ്.
അക്കാദമിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും പ്രതിനിധികള്‍ സംയുക്തമായി സന്ദര്‍ശനം നടത്തി. ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിലെത്തിയ സംഘം ഹജ്ജ് ക്യാംപ് ഒരുക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ നേരില്‍കണ്ട് വിലയിരുത്തി. കഴിഞ്ഞവര്‍ഷം വരെ വിമാനത്താവളത്തോടു ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ക്യാംപ് ഒരുക്കിയിരുന്നത്.
ജൂലൈ 29നാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്നത്.
ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 28ന് നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ 11,710 പേര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും കുറച്ചുപേര്‍ക്കുകൂടി ഇനിയും അവസരം ലഭിക്കും. വെയിറ്റിങ് ലിസ്റ്റില്‍ നിന്നും 1,674 വരെയാണ് ഇതുവരെ അവസരം ലഭിച്ചത്.
ഹജ്ജ് കമ്മിറ്റിയംഗം എച്ച്.ഇ ബാബു സേട്ട്, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന്, മുസമ്മില്‍ ഹാജി, ഹൈദ്രോസ് ഹാജി, ജില്ലാ ട്രെയിനര്‍ ഇ.കെ കുഞ്ഞുമുഹമ്മദ്, ട്രെയിനര്‍മാരായ മുസ്തഫ മുത്തു, സി.എം അസ്കര്‍, സിയാദ്, ആഷിഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."