കേരള സിന്‍ഡിക്കേറ്റ് ഹാളില്‍ ഇനി ഗാന്ധിജിയും ചിരിക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ ഇനി മുതല്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രവും. സ്വാതന്ത്ര്യം ലഭിച്ച് 71 വര്‍ഷത്തിനു ശേഷമാണ് രാഷ്ട്രപിതാവിന്റെ ചിത്രം ഹാളില്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
ഇന്നലെ നടന്ന യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗവും കെ.പി.സി.സി ട്രഷററുമായ അഡ്വ. ജോണ്സണ് എബ്രഹാം ഗാന്ധിജിയുടെ ഛായാചിത്രം വൈസ്. ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് കൈമാറി. 2017 ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധിജിയുടെ ചിത്രം സിന്‍ഡിക്കേറ്റ് ഹാളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല.
ഗാന്ധിജിയുടെ ഛായാചിത്രം വരയ്ക്കാന്‍ 1,50,000 രൂപക്ക് ക്വട്ടേഷന്‍ ക്ഷണിച്ച് കരാറായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ജോണ്സണ് എബ്രഹാം ഗാന്ധി സ്മാരകനിധിയില്‍ നിന്ന് വാങ്ങിയ ചിത്രം വൈസ് ചാന്‍സലറെ ഏല്‍പ്പിച്ചത്. 1937 മുതല്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ചിത്രം മാത്രമാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."