വി.എച്ച്.എസ്.ഇ: വിജയം 80.32 %
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യത നേടി 80.32 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷം ഇത് 81.5 ശതമാനമായിരുന്നു. ഇത്തവണ 29,174 പേര് പരീക്ഷയെഴുതിയതില്‍ 23,434 പേരാണ് യോഗ്യത നേടിയത്. പാര്‍ട്ട് ഒന്നും രണ്ടും വിജയിച്ച് 26,327 പേര് (90.24 ശതമാനം) ട്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നേടി. ഇവര്‍ക്ക് തൊഴില്‍ നേടുന്നതിനും അപ്രന്റീസ്ഷിപ്പിനും അര്‍ഹതയുണ്ട്.
പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി ഉയര്‍ന്ന വിജയശതമാനം നേടിയത് തൃശൂര്‍ ജില്ലയാണ് (84.38). കുറവ് പത്തനംതിട്ട (69.93). പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് കണ്ണൂരാണ് (93.79). കുറഞ്ഞ വിജയശതമാനം പത്തനംതിട്ടക്ക് തന്നെ, (79.25). 69 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 39 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
18 സര്‍ക്കാര്‍ സ്കൂളുകളും ഒരു എയ്ഡഡ് സ്കൂളും പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 100 ശതമാനം വിജയം കൈവരിച്ചു. 40 സര്‍ക്കാര്‍ സ്കൂളുകളും ഏഴ് എയ്ഡഡ് സ്കൂളുകളും പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം നേടി. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 50 ശതമാനത്തില്‍ താഴെ വിജയം നേടിയ 16 സ്കൂളുകളാണുള്ളത്. അട്ടപ്പാടി ഗവ.ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 6.82 ശതമാനം വിജയം നേടി.
ജനറല്‍ വിഭാഗത്തില്‍ 84.23 ശതമാനം പേരും ഒ.ബി.സിയില്‍ 80.47 ശതമാനവും ഒ.ഇ.സിയില്‍77.46 ശതമാനവും പട്ടികജാതിയില്‍72.87 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 59.64 ശതമാനവും ഉപരിപഠനത്തിന് യോഗ്യതനേടി. നാല് ബധിര മൂക സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."