സൊഹ്റാബുദീന്‍ , കേസ് പ്രജാപതിയുടെ പരാതി സ്ഥിരീകരിച്ച് പൊലിസ്
ന്യൂഡല്‍ഹി: താന്‍ ഏതുസമയവും വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കാമെന്നും ജീവനു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി തുളസി റാം പ്രജാപതി ദേശീയ മനുഷ്യാവകാശ കമ്മിഷനയച്ച കത്ത് സ്ഥിരീകരിച്ച് പൊലിസ് ഉദ്യോഗസ്ഥന്. സൊഹ്റാബുദീന്‍ ശൈഖിനെയും സുഹൃത്ത് പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടക്കുന്ന മുംബൈ പ്രത്യേക കോടതിയില്‍ ഉദയ്പൂരിലെ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആണ് പ്രജാപതി കമ്മിഷനയച്ച കത്ത് സ്ഥിരീകരിച്ചത്. കേസിലെ 79ാം സാക്ഷിയായ പൊലിസ് ഉദ്യോഗസ്ഥന്, താന്‍ പ്രജാപതിയുടെ കത്ത് കണ്ടുവെന്നും അന്നത്തെ ജില്ലാ പൊലിസ് സൂപ്രണ്ട് എം.എന്‍ ദിനേഷിന്റെ ഓഫിസ് മുമ്പാകെ ഈ കത്ത് കാണിച്ചുകൊടുത്തുവെന്നുമാണ് പൊലിസ് ഉദ്യോഗസ്ഥന് മൊഴിനല്‍കിയത്.
രാജസ്ഥാനിലെ ബില്വാദ സ്വദേശിയായ തുളസിറാം പ്രജാപതി 2006 ഡിസംബര്‍ 28നാണ് കൊല്ലപ്പെട്ടത്. 2005 നവംബര്‍ മുതല്‍ മരിക്കുംവരെ ഉദയ്പൂര്‍ ജയിലിലായിരുന്നു പ്രജാപതി കഴിഞ്ഞിരുന്നത്. രാജസ്ഥാന്- ഗുജറാത്ത് പൊലിസിന്റെ ഇന്‍ഫോര്‍മര്‍ ആയിരുന്ന പ്രജാപതി, സൊഹ്റാബുദീനെയും ഭാര്യ കൗസര്‍ബിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രധാന ദൃക്സാക്ഷിയാണ്. സൊഹ്റാബുദീനും ഭാര്യയും കൊല്ലപ്പെട്ട അടുത്തദിവസം തന്നെയാണ് പ്രജാപതി അറസ്റ്റിലായത്. രണ്ടുകൊലപാതകങ്ങള്ക്കു സക്ഷിയായ താന്‍ കൊല്ലപ്പെട്ടേക്കാമെന്നു ചൂണ്ടിക്കാട്ടിയും തന്റെ ജീവനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും ജയിലില്‍ വച്ച് സഹോദരന് പവന്‍കുമാര്‍ മുഖേനയാണ് പ്രജാപതി മനുഷ്യാവകാശ കമ്മിഷനു കത്തയച്ചത്. താന്‍ ഏതുസമയവും കൊല്ലപ്പെട്ടേക്കാമെന്ന് പ്രജാപതി സഹതടവുകാരോടും പവന്‍കുമാര്‍ അടക്കമുള്ളവരോടും പറഞ്ഞിരുന്നു. ജയിലില്‍ ഇടയ്ക്കിടെ പ്രജാപതിയെ സന്ദര്‍ശിച്ചിരുന്ന പവന്‍കുമാര്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."