ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം; കൊളീജിയം ഇന്ന്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രത്തിന് തിരിച്ചയക്കുന്നത് തീരുമാനിക്കാന്‍ കൊളീജിയം യോഗം ഇന്ന്.
ചീഫ് ജസ്റ്റിസിനു പുറമെ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന് ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരില്‍ക്കണ്ടും ജസ്റ്റിസ് ചെലമേശ്വര്‍ കത്തിലൂടെയും ഈ ആവശ്യം കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച മാര്‍ഗരേഖ (എം.ഒ.പി) തയാറാക്കുന്നതിനായി കഴിഞ്ഞദിവസം ചേര്‍ന്ന കൊളീജിയത്തിന്റെ അനൗപചാരിക യോഗത്തിലാണ് ചെലമേശ്വര്‍ ഒഴികെയുള്ള മൂന്ന് ജഡ്ജിമാരും ഈ ആവശ്യം ഉന്നയിച്ചത്.
അന്ന് അവധിയിലായിരുന്ന ചെലമേശ്വര്‍ പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് അയക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ കൊളീജിയത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ചെലമേശ്വര്‍ ജൂണ്‍ 22ന് വിരമിക്കാനിരിക്കുകയാണ്. ഈ മാസം 19ന് കോടതി വേനലവധിക്ക് പിരിയുന്നതിനാല്‍ ചെലമേശ്വറിന്റെ അവസാന പ്രവര്ത്തിദിനത്തിനുമുന്പ് കൊളീജിയം യോഗം ചേരാനുള്ള ശ്രമങ്ങളാണ് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയിരുന്നത്.
കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ കൊളീജിയത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഈ മാസം രണ്ടിന് കൊളീജിയം യോഗംചേര്ന്നെങ്കിലും ശുപാര്‍ശ തിരിച്ചയക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
സുപ്രിംകോടതിയില്‍ കേരളാ ഹൈക്കോടതിയുടെ പ്രാതിനിധ്യം വര്‍ധിക്കുമെന്നും കെ.എം ജോസഫിനേക്കാള്‍ മുതിര്‍ന്ന 11 ജഡ്ജിമാര്‍ വേറെയുണ്ടെന്നുമായിരുന്നു ശുപാര്‍ശ മടക്കാനുള്ള കാരണമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. നിലവിലെ സാഹചര്യത്തില്‍ കൊളീജിയം വീണ്ടും കെ.എം ജോസഫിന്റെ പേര് ശുപാര്‍ശചെയ്താല്‍ നിയമനം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും.
എന്നാല്‍, കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ പെട്ടെന്നു തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."