കരാര്‍ വ്യവസ്ഥയിലെ അവ്യക്തത പരിഹരിച്ചില്ല: കണ്ണങ്കൈ കൊവ്വപുഴ പാലം പ്രവൃത്തി നിര്‍ത്താന്‍ സാധ്യത
തൃക്കരിപ്പൂര്‍: കരാര്‍ വ്യവസ്ഥയിലെ അവ്യക്തത പരിഹരിക്കാത്തതിനെ തുടര്‍ന്നു കണ്ണങ്കൈ കൊവ്വപുഴ പാലം നിര്‍മാണം ഇന്നു മുതല്‍ കരാറുകാരന്‍ നിര്‍ത്തിവെക്കാന്‍ സാധ്യത. പ്രഭാകരന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയ പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. 3.6 കോടി രൂപയാണു പാലം നിര്‍മാണത്തിനു കരാര്‍ വ്യവസ്ഥ തയാറാക്കിയത്. എന്നാല്‍ സാങ്കേതികാനുമതിയില്‍ 30 മീറ്റര്‍ നീളം വരുന്ന 22 പൈലിങ്ങിനുള്ള 50 മെട്രിക് ടണ്‍ തൂക്കം വരുന്ന കമ്പി അപ്രത്യക്ഷമാവുകയും കരാര്‍ തുക 2.9 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.
പൊതുമരാമത്ത് അധികാരികളുടെ ശ്രദ്ധയില്‍ കരാറുകാരന്‍ സംഭവം കൊണ്ടുവന്നെങ്കിലും സോഫ്റ്റ്‌വെയറില്‍ വന്ന അപാകതയാണെന്നും പരിഹരിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്നു കരാറുകാരന്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. സംഭവം കഴിഞ്ഞു മാസം പിന്നിട്ടിട്ടും കമ്പിയുടെ കാര്യത്തിലുള്ള അവ്യക്തത പരിഹരിക്കാത്തതിനാല്‍ നിര്‍മാണ പ്രവൃത്തിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു കരാറുകാരന്‍ അറിയിച്ചു.
സാങ്കേതികാനുമതിയില്‍ നിന്ന് കമ്പി അപ്രത്യക്ഷമായ സംഭവത്തിന്റെ ഗൗരവം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എന്‍ജിനിയര്‍, സൂപ്രണ്ട് എന്‍ജിനിയര്‍, എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ തുടങ്ങിയ വകുപ്പ് തല ഉദ്യോഗസ്ഥരെയും എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു എന്നിവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എസ് സര്‍ക്കാറിന്റെ കാലത്ത് ജില്ലയുടെ വികസന രേഖ തയാറാക്കാന്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മിഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയതതാണ് ഒളവറ ഉടുമ്പുന്തല പൊതുമരാമത്ത് വകുപ്പ് റോഡിലെ കണ്ണങ്കൈ പാലം പുനര്‍ നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."