അട്ടപ്പാടി ഇതിനേക്കാള്‍ ഭേദം പെരുമഴയത്തും ഇവര്‍ അന്തിയുറങ്ങുന്നത് ഷെഡുകളില്‍
നിലമ്പൂര്‍: ദുരിതം കൂട്ട്, മമ്പാട് പഞ്ചായത്തിലെ അമരപലം, എടക്കോട്, ആനന്തന്‍ കോളനി നിവാസികള്‍ കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന ഓലഷെഡുകളില്‍. 17 കുടുംബങ്ങളാണ് കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മഴ കൊണ്ടു കഴിയുന്നത്. ഐ.ടി.ഡി.പി ഫണ്ടില്‍ വീട് നിര്‍മിക്കുന്നതിന് വേണ്ടി ആറുമാസം മുന്‍പാണ് പഴയ വീടുകള്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ പുതിയ വീടുകളുടെ നിര്‍മാണം തറയില്‍ ഒതുങ്ങിയിരിക്കുകയാണ്. ഒരു വീടിന് 52000 രൂപ വീതം കൈപ്പറ്റി കരാറുകാരന്‍ മുങ്ങുകയായിരുന്നുവെന്ന് കോളനിക്കാര്‍ പറഞ്ഞു. ഓരോ വീടിനും മൂന്നര ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത്. കോളനികളിലെ പ്രൊമോട്ടര്‍മാര്‍ക്കായിരുന്നു വീട് നിര്‍മാണത്തിന്റെ ചുമതല. ഇവരാണ് തങ്ങളില്‍ നിന്നും പണം വാങ്ങിയതെന്നും കോളനിക്കാര്‍ പറഞ്ഞു. ഇപ്പോള്‍ പ്രൊമോട്ടര്‍മാരെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. മണ്ണില്‍ മുളംകമ്പുകള്‍ നാട്ടി അതില്‍ തെങ്ങോലകള്‍ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മറച്ച കുടിലുകളിലാണ് ഇവര്‍ കഴിയുന്നത്. തലകുനിച്ചുവേണം ഓരോ കുടിലുകളിലുള്ളിലേക്കും കയറാനാവുക. ശക്തമായ മഴയുണ്ടായാല്‍ കുടിലുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോകാറുണ്ട്. പിറ്റേ ദിവസം പുനര്‍ നിര്‍മിക്കും വരെ മഴ കൊള്ളണം. രാത്രി കാട്ടാനയുടെ ഉപദ്രവമുള്ള കോളനിയില്‍ സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സി.എഫ്.എല്‍ ബള്‍ബുകള്‍ മാത്രമാണ് കോളനിയിലുള്ള ആകെ വെളിച്ചം. ആറു വീടുകളിലായി 35ഓളം പേരാണ് കോളനിയിലുള്ളത്. സമീപത്തെ എടക്കോട്, ആനന്തന്‍ കോളനികളിലും സമാന അവസ്ഥയാണുള്ളത്.
നിരവധി തവണ ഐ.ടിഡി.പി അധികൃതരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കാന്‍ പോലും തയാറായില്ലെന്ന് ഇവര്‍ പറയുന്നു. അട്ടപ്പാടി ആദിവാസി കോളനിയേക്കാള്‍ ദുരിതം പേറുന്ന കോളനിയാണിത്.
നിലമ്പൂരില്‍ നിന്നും കേവലം മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള കോളനിയുടെ അവസ്ഥയാണിത്. മഴ തുടങ്ങിയാല്‍ കുറുവന്‍പുഴക്ക് കുറുകെയുള്ള മരപ്പാലത്തിലൂടെ കടന്ന് കനോലി പ്ലോട്ടിലെ തൂക്കു പാലത്തിലൂടെ വേണം നിലമ്പൂരിലെത്താന്‍. ആദിവാസി ക്ഷേമത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ഫണ്ട് ചെലവഴിക്കുമ്പോഴും അമരപലം ആദിവാസി കോളനിയിലെ ആറു കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദുരിതം പേറേണ്ടയവസ്ഥയാണ്. കോളനിയിലെ രാജന്‍ (56) കൂലിപണിക്കിടെ കുഴഞ്ഞുവീണ് ഒരുവശം തളര്‍ന്ന് കഴിഞ്ഞ ആറുമാസമായി വീട്ടില്‍ കിടിപ്പിലാണ്. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനോ ആവശ്യമായ ചികിത്സ യഥാസമയം നല്‍കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഭാര്യ മാധവി പറഞ്ഞു. രാജന് വികലാംഗയായ ഒരു മകളും ഭാര്യയുമാണ് കൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."