'ക്ലീന്‍ കാസര്‍കോട്'പദ്ധതിക്ക് തുടക്കം
കാസര്‍കോട്: കെ.സി.വൈ.എം, എസ്.എം.വൈ.എം റീജ്യനല്‍ തലശ്ശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ക്ലീന്‍ കാസര്‍കോട്' ശുചിത്വ പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കെ.സി.വൈ.എം, എസ്.എം.വൈ.എം റീജ്യനല്‍ ഡയരക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം ആമുഖപ്രഭാഷണം നടത്തി. കണ്‍വീനര്‍ സിജോ അമ്പാട്ട് അധ്യക്ഷനായി. കോര്‍ഡിനേറ്റര്‍ സിഖില്‍ സാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഫാദര്‍ സോണി വടശ്ശേരി, ജോര്‍ജ് എള്ളുക്കുന്നേല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, എം. നാരായണന്‍, ഫാ. മാണി മേല്‍വട്ടം സംസാരിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം കെ.സി.വൈ.എം വളന്റിയര്‍മാര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും ശുചീകരിച്ചു. ഈ മാസം ചിറ്റാരിക്കാല്‍, ആഗസ്തില്‍ വെള്ളരിക്കുണ്ട്, സെപ്റ്റംബറില്‍ പൂടംകല്ല്, കാഞ്ഞങ്ങാട്, ഒക്ടോബറില്‍ പരപ്പ, പാണത്തൂര്‍, നവംബറില്‍ കൊന്നക്കാട്, ബന്തടുക്ക, ഡിസംബറില്‍ പലാവയല്‍, നീലേശ്വരം എന്നിങ്ങനെയാണ് ശുചീകരണ പ്രവൃത്തി നടക്കുക. നഗരങ്ങളിലെ മാലിന്യം ശുചീകരിക്കുന്നതിന് പുറമെ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകള്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും എത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."