കുണ്ടറയിലെ പത്തുവയസുകാരിയുടെ ദുരൂഹ മരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേലും നടപടിയില്ല; പൊലിസിനെതിരേ പ്രതിഷേധം ശക്തം
കൊല്ലം: കുണ്ടറയ്ക്കടുത്ത് 10 വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് ആത്മഹത്യയാക്കി ഒതുക്കാന്‍ നടത്തിയ പൊലിസ് നടപടി വിവാദത്തിലേക്ക്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും പൊലിസ് കേസ് അന്വേഷിക്കുന്നതില്‍ അനാസ്ഥ കാട്ടയതിനെതിരേ ഇന്നലെ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി നേതൃത്വത്തില്‍ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ശരീരത്തില്‍ 22 ലധികം മുറിവുകള്‍ ഉള്ളതായാണ് വ്യക്തമാക്കുന്നത്. കുട്ടിയുടേത് ആത്മഹത്യയാണന്ന പൊലിസ് നിഗമനം തള്ളിക്കളയുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മരണം നടന്ന ജനുവരി 15ന് സംഭവം കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് വാര്‍ത്ത പരന്നെങ്കിലും കുട്ടിയുടെ പിതാവ് ജനുവരി 16 ന് ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി കൊല്ലം റൂറല്‍ എസ്.പിക്കും കുണ്ടറ സി.ഐക്കും സംഭവം മകള്‍ ആത്മഹത്യ ചെയ്തതല്ലന്നും കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസിന് രണ്ട് മാസത്തോളം ആകാറായിട്ടും സംഭവത്തിന് പിന്നിലുള്ള ദുരൂഹത നീക്കാന്‍ സാധിച്ചില്ല. വീടിന്റെ ജനല്‍ കമ്പിയില്‍ കാലുകള്‍ തറയില്‍ മുട്ടത്തക്ക വിധമാണ് പെണ്‍കുട്ടിയുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. അടുത്ത് നിന്നും പൊലിസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സൂചനകള്‍ ഉള്ളതായി പൊലിസ് അന്ന് പറഞ്ഞത്. രണ്ട് മാസമായിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്നവരോട് കുണ്ടറ സിഐ ആര്‍. സാബു മോശമായി പെരുമാറുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുണ്ടറ സി. ഐ ഓഫിസ് ഉപരോധിച്ചു.
ഉപരോധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദുജയരാജ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് സനുബ് സജീര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. സി.പി.എമ്മുകാരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ വനിതാ മന്ത്രികൂടിയായ ജെ മേഴ്‌സികുട്ടിയമ്മയുടെ മണ്ഡലത്തില്‍ പീഡനത്തെ തുടര്‍ന്നാണ് ഒരു പത്ത് വയസുകാരി ആത്മഹത്യ ചെയ്തതെന്ന വിവരം പുറത്തു വന്നിട്ടും സംഭവത്തെക്കുറിച്ചു പൊലിസ് അന്വേഷണം നടത്തിക്കാന്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും സ്വന്തം മണ്ഡലത്തിലെ പൊലിസിന്റെ ഗുരുതരമായ വീഴ്ച്ച മന്ത്രി കണ്ടില്ലന്ന് നടിക്കുകയാണെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും രാജ്‌മോഹന്‍ ഉണ്ണിത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുണ്ടറ പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ആരോപണ വിധേയനായ സി.ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. സി.പി.എമ്മും ബി.ജെ.പിയും സമരം നടത്തിയിരുന്നു. കുണ്ടറ പൊലിസിനെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."