ഹൊസങ്കടിയിലെ കവര്‍ച്ച: അന്വേഷണം സി.സി ടി.വി ദൃശ്യം കേന്ദ്രീകരിച്ച്
ഹൊസങ്കടി: ഹൊസങ്കടിയിലെ രണ്ട് കടകളും ബെഡ് ഗോഡൗണും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിന് പിന്നില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ളവരെന്ന് സംശയം. ഒരു കടയിലെ സി.സി ടി.വി കാമറയില്‍ മൂന്നുപേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
അതേസമയം കവര്‍ച്ച നടന്നിട്ടും വിരലടയാള വിദഗ്ധര്‍ പരിശോധനക്കെത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തുമെന്ന് കരുതി ഇന്നലെ വൈകിട്ട് അഞ്ച് മണിവരെ കവര്‍ച്ച നടന്ന കടകള്‍ അടച്ചിട്ടിരുന്നു. എന്നാല്‍ വിരലടയാള വിദഗ്ധരെത്തിയില്ല.
ഹൊസങ്കടിയില്‍ കവര്‍ച്ച പെരുകിയത് വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രാത്രികാലത്ത് പൊലിസ് പരിശോധന ഊര്‍ജിതമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികള്‍ ജില്ലാ പൊലിസ് മേധാവിയെ കണ്ടു.
ഹൊസങ്കടിയിലെ അഷ്‌റഫിന്റെ ക്ലാസ്‌മേറ്റ്‌സ് ബുക്ക് സ്റ്റാളില്‍ നിന്ന് 15,000 രൂപയും മൊയ്തീന്‍ അബ്ബയുടെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 25,000 രൂപയും സൂപുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള എസ്.കെ ബെഡ് ഗോഡൗണില്‍ നിന്ന് നാല് തലയണകളും ബെഡ്ഷീറ്റുകളുമാണ് കവര്‍ന്നത്. ഹനീഫയുടെ കടയില്‍ സ്ഥാപിച്ച സി.സി ടി.വിയിലാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. കുമ്പള സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. പ്രേംസദന്‍, മഞ്ചേശ്വരം എസ്.ഐ എം. അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."