ഒരു കാലത്ത് നഗരത്തിലെ ജലസ്രോതസ്; ഇന്ന് കുപ്പത്തൊട്ടി
തിരൂര്‍: ഒരു കാലത്ത് കടുത്ത വേനലിലും തിരൂര്‍ നഗരത്തിന് കുടിവെള്ളം നല്‍കിയിരുന്ന വലിയ പൊതുകിണര്‍ ഇന്ന് കുപ്പത്തൊട്ടി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരൂര്‍ നഗരത്തിലെ പ്രധാന ജലസ്രോതസുകളായിരുന്ന മൂന്ന് പൊതുകിണറുകളില്‍ ഒന്നുമാത്രമാണ് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയായത്. അതാകട്ടെ നഗര മധ്യത്തില്‍ നാശത്തിന്റെ വക്കിലെത്തി കുപ്പത്തൊട്ടിയുമായി. തിരൂര്‍ സിറ്റി ജങ്ഷന് സമീപത്തെ പൊതുകിണറാണ് ശോചനീയാവസ്ഥയിലുള്ളത്. നാട്ടിലാകെ കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്താണ് നവീകരിച്ച് ഉപയോഗിക്കാനാകുന്ന കിണര്‍ ഇത്തരത്തില്‍ കിടക്കുന്നത്.
നിലവിലുള്ള ജലസ്രോതസുകള്‍ നവീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാനും ജലക്ഷാമത്തിന് പരിഹാരം കാണാനും ജില്ലാ ഭരണകൂടം പലവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ഘട്ടത്തിലും തിരൂര്‍ നഗരസഭ നഗരമധ്യത്തിലെ പൊതുകിണര്‍ ഉപയോഗപ്രദമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ നഗരമധ്യത്തിലെ നടപ്പാതയുടെ പകുതി ഭാഗം കിണറിനു മുകളിലൂടെയാണ് സ്ഥാപിച്ചിരിക്കുന്നത്.
കിണര്‍ ഇടിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമെയാണ് കിണറിലെ വ്യാപക മാലിന്യ നിക്ഷേപം. ജലസംരക്ഷണ ബോധന കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് പൊതുകിണറിന്റെ പ്രസക്തി വ്യക്തമാക്കി പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്. നഗരമധ്യത്തിലെ കിണര്‍ ഉപകാരപ്രദമാക്കുന്നത് സംബന്ധിച്ച് നഗരസഭാ അധികൃതര്‍ പുനരാലോചന നടത്തണമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."