വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് നല്‍കുന്നില്ലെന്ന് ആരോപണം ആദിവാസികള്‍ ഐ.ടി.ഡി.പി ഓഫിസ് ഉപരോധിച്ചു
നിലമ്പൂര്‍: കാലപഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റ പണികള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നും കോളനിയോട് ഐടിഡിപി പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും ആരോപിച്ച് പോത്തുകല്ല് തുടിമുട്ടി കോളനിവാസികള്‍ ഐ.ടി.ഡി.പി ഓഫിസ് ഉപരോധിച്ചു. രാവിലെ പത്തരയോടെയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കോളനിവാസികള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസിലെത്തി പ്രൊജക്ട് ഓഫിസറെ ഉപരോധിച്ചത്. കോളനിയില്‍ കുടിവെള്ളമില്ലന്ന് നേരത്തെ പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. കോളനിയില്‍ മതിയായ പാര്പ്പിടങ്ങളില്ലെന്നും ഉള്ളവ അറ്റകുറ്റ പണി നടത്താന്‍ ഫണ്ട് നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് ലഭിക്കുന്നില്ല. കോളനിയില്‍ നിലനില്‍ക്കുന്ന ഭൂമി പ്രശ്നം കാരണം ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കുന്നില്ല തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍ സമരവുമായെത്തിയത്. കാലങ്ങളായി കോളനിയോടുള്ള അവഗണന തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഊരുകൂട്ടം വിളിച്ചുചേര്‍ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഇവര്‍ ശഠിച്ചു. ഒന്നരമണിക്കൂറോളം ഐ.ടി.ഡി.പി ഓഫിസറെ ആദിവാസികള്‍ ഉപരോധിച്ചു. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കരുണന്പിള്ളയും നിലമ്പൂര്‍ പൊലിസും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏപ്രില്‍ പതിനഞ്ചിനുള്ളില്‍ കോളനിയില്‍ സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ഊരുകൂട്ടം വിളിച്ച് ചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഐ.ടി.ഡി.പി ഓഫിസര്‍ കെ.കൃഷ്ണന് ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട 56 കുടുംബങ്ങളാണ് ഈ കോളനിയില്‍ അധിവസിക്കുന്നത്. മറ്റു കോളനികളില്‍ നിന്നും വ്യത്യസ്തമായി ഈ കോളനി കാലങ്ങളായി അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."