ഭീമന്‍ ചപ്പാത്തി ചുട്ടെടുത്ത് ഗിന്നസ് റെക്കോര്‍ഡുമായി കോഴിക്കോട്
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി ചുട്ടെടുത്ത നഗരമെന്ന ഖ്യാതി ഇനി കോഴിക്കോടിനു സ്വന്തം. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് അഡ്രസ് മാളില്‍ രാവിലെ ആരംഭിച്ച ചപ്പാത്തി നിര്‍മാണം രാത്രിവരെ നീണ്ടുനിന്നു. ഉച്ചയ്ക്ക് 12ഓടെ 25 പേരടങ്ങിയ സംഘമാണ് മാവു കുഴക്കാന്‍ തുടങ്ങിയത്
175 കിലോ ഗ്രാം ഗോതമ്പ്, 200 കോഴിമുട്ട, നാലു കിലോ ഗ്രാം മില്‍ക്ക് നെയ്യും ഉപ്പ്, ചൂടുവെള്ളം എന്നിവ ഉപയോഗിച്ചാണ് ചപ്പാത്തി കുഴക്കല്‍ ആരംഭിച്ചത്. 2000 എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരുടെ ഒരാഴ്ച നീണ്ടുനിന്ന കാംപയിനിന്റെ ഭാഗമായി ശേഖരിച്ച 175 കിലോ ഗോതമ്പാണ് ഉപയോഗിച്ചത്. കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന്റെ നേതൃത്വത്തില്‍ 30 പേരടങ്ങിയ സംഘമാണ് ഗിന്നസ് ചപ്പാത്തി തയാറാക്കിയത്.
200കിലോ ഗ്രാം ഭാരമുള്ള ജി.ഐ പൈപ്പ് ഉപയോഗിച്ചാണു ചപ്പാത്തി പരത്തിയത്. പാകപ്പെടുത്തിയ ചപ്പാത്തി രാത്രി ഏഴിന് ഭീമന്‍കല്ലില്‍ ചുട്ടെടുത്തു. ജി.ഐ പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച ആറുമീറ്റര്‍ വ്യാസമുള്ള പത്തിരിച്ചട്ടിയിലാണ് ചപ്പാത്തി തയാറാക്കിയത്. പരിപാടിയുടെ ഭാഗമായി രാത്രിയില്‍ സൗഹൃദ ഊട്ടും നടന്നു. ഉത്തരേന്ത്യയില്‍ നടന്ന ഫെസ്റ്റില്‍ 145 കിലോയുടെ ചപ്പാത്തി പരത്തിയതാണ് നിലവിലെ റെക്കോര്‍ഡ്. അയിത്തത്തിനും വര്‍ണവിവേചനത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരേ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പന്തിഭോജനത്തിന്റെ ഓര്‍മപ്പെടുത്തലായാണ് ഇത്തരമൊരു ഉദ്യമം സംഘടിപ്പിച്ചത്.
ചടങ്ങില്‍ എന്‍.എസ്.എസ് വളണ്ടിയര്‍ ഗ്രൂപ്പിനുള്ള ഉപഹാരം ഫാറൂഖ് കോളജ് എന്‍.എസ്.എസ് ടീമിനു പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമ്മാനിച്ചു. അഡ്രസ് മാള്‍ എം.ഡി ബാബു, യു. പോക്കര്‍, പ്രദീപ് ഹുഡിനോ, എം.കെ നാസര്‍, സി.ഇ ചാക്കുണ്ണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."