വിദ്യാഭ്യാസ വായ്പ: ബാങ്കുകള്‍ കുരുക്കു മുറുക്കുന്നു; കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: ഏകമകളുടെ പഠനാവശ്യത്തിനായി എടുത്ത ബാങ്ക്‌ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലാണ് ജമീല. 28 വയസുകാരിയായ മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത ഏവിയേഷന്‍ അക്കാദമി കൂടി കൈമലര്‍ത്തിയപ്പോള്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ്.
ബാങ്കില്‍നിന്നും എടുത്ത നാല് ലക്ഷത്തോളം വരുന്ന തുക ഇരട്ടിയിലധികമായി ഉയര്‍ന്നു. ലോണെടുത്ത തുക കൂടാതെ 50,000 രൂപ കൂടി കൂട്ടി അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് അധികൃതര്‍ സമ്മതിച്ചില്ല.
വീട്ടു ജോലി എടുത്ത് കടം വീട്ടാനാണ് നിര്‍ദേശിച്ചത്. ആര്‍ത്രൈറ്റിസും പ്രായത്തിന്റെ അവശതകളും കാരണത്താലും വിഷമിക്കുന്ന ജമീലയുടെ മുന്നില്‍ മകളുടെ ഭാവി ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.
ഇതിനിടെ മകള്‍ക്ക് വന്ന പല കല്യാണാലോചനകളും ബാങ്ക് ലോണിന്റെ പേരില്‍ മുടങ്ങി. അപേക്ഷകളുമായി മുഖ്യമന്ത്രിയെയും മറ്റും കണ്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മെറിറ്റ് സീറ്റില്‍ പഠിക്കുന്നവര്‍ക്കു മാത്രം വായ്പ തിരിച്ചടവില്‍ ഇളവ് അനുവദിക്കുകയുള്ളൂവെന്ന ബാങ്ക് അധികൃതരുടെ അന്യായ വാദത്തിനുമുന്നില്‍ നഷ്ടമാവുന്നത് നിരവധി കുട്ടികളുടെ ഭാവിയാണ്. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചാല്‍ എന്തിനാണ് ബാങ്ക് വായ്പ എന്നാണിവര്‍ ചോദിക്കുന്നത്.
ബാങ്ക് അധികൃതര്‍ എന്തിനാണ് തങ്ങളോട് ഈ ക്രൂരത ചെയ്യുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഈ അമ്മയടക്കമുള്ള നിരവധി രക്ഷിതാക്കള്‍. ഇനിയെങ്കിലും അധികൃതര്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണ് തുറന്നില്ലായെങ്കില്‍ ഫലം കൂട്ട ആത്മഹത്യ തന്നെയായിരിക്കുമെന്ന് ഇന്നലെ ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന വിദ്യാഭ്യാസ വായ്പയെടുത്തവരുടെ യോഗം മുന്നറിയിപ്പ് നല്‍കി.
എഡ്യുക്കേഷന്‍ ലോണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ (എല്‍വോ) യോഗത്തില്‍ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹി ശ്രീനാരയണന്‍, രാജീവ്‌മോഹന്‍, ജില്ലാകമ്മിറ്റി പ്രസിഡന്റ് കുട്ടപ്പന്‍, ജില്ലാകമ്മിറ്റി സെക്രട്ടറി സരള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."