ആരവം കാത്തിരുന്നു... കുഞ്ഞാപ്പക്ക് ജയ് വിളിയുമായി
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു കാതോര്‍ക്കാന്‍ പാണക്കാട്ടേക്ക് ഒഴുകിയത് നൂറുകണക്കിനു പ്രവര്‍ത്തകര്‍. മലപ്പുറത്ത് ഉച്ചവരെ നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയോഗത്തിനു ശേഷം വൈകീട്ട് നാലിനാണ് പാണക്കാട്ട് മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതിയോഗം തുടങ്ങിയത്. തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി. പ്രഖ്യാപനത്തിന് കാതോര്‍ക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയായ ദാറുന്നഈമിലേക്ക് ഉച്ചയോടെ തന്നെ എത്തിത്തുടങ്ങി. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനിടയിലും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അഭിപ്രായങ്ങള്‍ മിന്നിമറിഞ്ഞു. ഇതോടെ സ്ഥാനാര്‍ഥി ആരാവുമെന്ന ആകാംക്ഷയിലും അടക്കിപ്പിടിച്ച ചര്‍ച്ചയിലുമായി ദാറുന്നഈം പരിസരം. വൈകീട്ട് യോഗം ആരംഭിച്ചതോടെ പുറത്ത് പ്രവര്‍ത്തകരുടെ കാത്തിരിപ്പ്. മുറ്റത്ത് തത്സമയ റിപ്പോര്‍ട്ടുമായി മാധ്യമപ്പട. യോഗം അവസാനിച്ചതോടെ ആദ്യം പുറത്തുവന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം അതിഥി മുറിയില്‍ ഒരുക്കങ്ങളുമായി കാത്തുനിന്നു. മാധ്യമപ്പടയുടെ തിരക്കുകൂടിയതോടെ പ്രഖ്യാപനം കേള്‍ക്കാന്‍ ജനക്കൂട്ടമിരമ്പി. പത്ത് മിനിട്ടിനകം ഹൈദരലി ശിഹാബ് തങ്ങളെത്തിയതോടെ പ്രവര്‍ത്തകര്‍ നിശബ്ദരായി. തങ്ങള്‍ക്കു പിറകെ സാദിഖലി തങ്ങളും ഇ.ടിയും സമദാനിയും വഹാബും. ഒടുവില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുമെത്തി.
ആമുഖങ്ങളില്ലാതെ ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചതോടെ മുറിക്കുള്ളില്‍ തക്ബീര്‍ വിളികളുയര്‍ന്നു. വാതിലിനുവെളിയിലേക്കു ആരോ വിവരം കൈമാറി. 'കുഞ്ഞാപ്പ..... '. പിന്നെ വരാന്തയിലും വീട്ടുമുറ്റത്തും നിലക്കാത്ത തക്ബീര്‍ മുഴങ്ങി.
മിനിട്ടുകള്‍ മാത്രം നീണ്ട വാര്‍ത്താസമ്മേളനം അവസാനിച്ചതോടെ സ്ഥാനാര്‍ഥി എഴുന്നേറ്റു തങ്ങളേയും മറ്റു നേതാക്കളേയും ആലിംഗനം ചെയ്തു. എല്ലാവര്‍ക്കും ഹസ്തദാനം. പുറത്തേക്കിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ പ്രവര്‍ത്തകര്‍ വികാരവായ്‌പോടെ പൊതിഞ്ഞു. കൈവീശിയും അഭിവാദ്യം ചെയ്തും ഏതാനും സമയം അവരോടൊപ്പം. ആവേശത്തിമര്‍പ്പില്‍ പ്രവര്‍ത്തകരുടെ ആരവം അടങ്ങാതെയായതോടെ സ്ഥാനാര്‍ഥി വീണ്ടും അതിഥി മുറിയിലേക്ക് തിരിച്ചുകയറി. പിന്നെ, മറ്റു നേതാക്കളോടൊപ്പം വീടിനു പിറകുവശത്തിലൂടെ പുറത്തേക്കിറങ്ങി. മുസ്‌ലിംലീഗ് പതാക വീശിയും നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ജനക്കൂട്ടവും പുറത്തേക്ക്. മിനിറ്റുകള്‍ പിന്നിട്ടതോടെ ജനക്കൂട്ടം മലപ്പുറം ടൗണില്‍ അഭിവാദ്യ പ്രകടനമായി രൂപപ്പെട്ടു. ഇതിനകം ഫ്‌ളക്‌സ് ബോര്‍ഡുകളും നാനാഭാഗങ്ങളിലുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."