വിവാദ ദ്വീപ്; രാഷ്ട്രീയ വടംവലി തുടരുന്നു
കല്‍പ്പറ്റ: കുറുവ ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ വടംവലി തുടരുന്നു. നേരത്തെ ഭരണ മുന്നണിയിലെ പ്രബലരായ സി.പി.എമ്മും സി.പി.ഐയും തമ്മിലായിരുന്നെങ്കില്‍, നിലവില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഉള്‍പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള സി.പി.എം-സി.പി.ഐ പോര് കൂടുതല്‍ ശക്തമാകുകയാണ്. കുടുംബശ്രീ കൂട്ടായ്മയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രാപ്പകല്‍ സമരവും ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരവും കഴിഞ്ഞദിവസം ആരംഭിച്ചതോടെ ദ്വീപിലേക്ക് താല്‍ക്കാലികമായി 950 പേരെ പ്രവേശിപ്പിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. തുടര്‍ന്ന് ദ്വീപിലേക്ക് പാല്‍വെളിച്ചം, ചെറിയമല ഭാഗങ്ങളിലൂടെ ദിവസം 425 വീതം ആളുകള്‍ക്ക് പ്രവേശനം അനുവദിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചൊവ്വാഴ്ച ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്നീട് മരവിപ്പിക്കുകയും ചെയ്തു. സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് മന്ത്രിയുടെ വാക്കാല്‍ നിര്‍ദേശമനുസരിച്ചാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് അറിയുന്നത്. സന്ദര്‍ശകരുടെ എണ്ണം 400ല്‍നിന്നു 950 ആയി വര്‍ധിപ്പിക്കാന്‍ ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടും ഇളവ് വരുത്തിയുള്ള ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങുമെന്ന് ബോധ്യമുണ്ടായിരിക്കെ, സി.പി.എം സമരം പ്രഖ്യാപിച്ചതാണ് സി.പി.ഐ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. കുറഞ്ഞത് 2000 പേരെയെങ്കിലും പ്രതിദിനം പ്രവേശിപ്പിക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യം അംഗീകരിച്ചാല്‍ വടക്കേവയനാട്ടില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് സി.പി.ഐ പ്രദേശിക നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ദ്വീപില്‍ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം നാനൂറായി പരിമിതപ്പെടുത്തിയും ടൂറിസം പൂര്‍ണമായും വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാക്കിയും 2017 നവംബര്‍ 10നാണ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഇക്കോ ഡലവപ്പ്‌മെന്റ്) ഉത്തരവായത്. അനിയന്ത്രിത ടൂറിസം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി അയച്ച കത്തും ദ്വീപില്‍ ടൂറിസം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകള്‍ വിവരിച്ച് സൗത്ത് വയനാട് വനം ഡിവിഷന്‍ ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കണക്കിലെടുത്തായിരുന്നു ഇത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെയും മണ്ഡലം എം.എല്‍.എ ചെയര്‍മാനായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയെയും കുറുവ ടൂറിസത്തില്‍ അപ്രസക്തമാക്കുന്നതായിരുന്നു പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ്. ഇതോടെയാണ് ദ്വീപില്‍ മുന്നണിയിലെ പ്രബലര്‍ തമ്മിലുള്ള രാഷ്ട്രീയക്കളിക്ക് കളമൊരുങ്ങിയത്.
കുറുവ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട 2017 നവംബര്‍ 10ലെ ഉത്തരവ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും നീക്കം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, ശാസ്ത്രീയ പഠനം നടത്തി പ്രവേശിക്കാവുന്ന എണ്ണം നിജപ്പെടുത്തണമെന്ന വാദം സമരരംഗത്തുള്ളവര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പഠനത്തിന് സമിതിയെ നിയോഗിക്കാന്‍ ഇതുവരെ നീക്കങ്ങള്‍ നടന്നിട്ടില്ല.
നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന്
മാനന്തവാടി: കുറുവ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. വിഷയത്തില്‍ ഭരണകക്ഷികള്‍ തമ്മിലടിക്കുന്നത് കാരണം ദ്വീപിലെത്തുന്ന വിനോദ സഞ്ചാരികളെ ആശ്രയിച്ച് ജീവിക്കുന്ന 300ഓളം കുടുംബങ്ങള്‍ പെരുവഴിയിലായിരിക്കുകയാണ്. ഭരണപക്ഷത്തുള്ള എം.എല്‍.എ ഉപവാസമനുഷ്ഠിക്കുന്നത് ആരുടെ നടപടിക്കെതിരെ എന്ന് വ്യക്തമാക്കണം. നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഈമാസം 14ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 9.30 ന് കൊയിലേരിയില്‍ നിന്ന് കുറുവാ ദ്വീപിലെ ടൂറിസം ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കണ്ണന്‍ കണിയാരം, ജന: സെക്രട്ടറിമാരായ വില്‍ഫ്രെഡ് മുതിരക്കാലായില്‍, വിജയന്‍ കൂവണ, മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
'സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ച തീരുമാനം നടപ്പിലാക്കണം'
മാനന്തവാടി: കുറുവ ദ്വീപില്‍ താല്‍ക്കാലികമായി 950 ആളുകളെ പ്രവേശിപ്പിക്കാമെന്ന തീരുമാനം നടപ്പിലാക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സീസണ്‍ അവസാനിച്ച് ദ്വീപ് അടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സമരസമിതിക്ക് നല്‍കിയ ഉറപ്പ് പാലിക്കണം. സി.പി.എം നടത്തുന്ന രാഷ്ട്രിയ സമരത്തിന്റെ ഭാഗമായി ഉത്തരവ് മരവിപ്പിക്കാന്‍ അനുവദിക്കില്ല.
കുറുവ ദ്വീപ് സൗത്ത് വയനാട് ഡി.എഫ്.ഒയുടെ കീഴിലാണെന്നിരിക്കെ മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ എം.എല്‍.എ സമരം ഇരിക്കുന്നത് എന്തിനാണെന്ന് പൊതു ജനത്തിനോട് വ്യക്തമാക്കണം. സി.പി.എം, സി.പി.ഐ തര്‍ക്കത്തിന്റെ പേരില്‍ ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിനെ നശിപ്പിക്കാന്‍ അനുവദിക്കരുത്. കലക്ടറുടെ ഉത്തരവ് അനുസരിച്ചാണ് കുടുംബശ്രീയും ജനകീയ സമിതിയും സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. തല്‍ക്കാലം 950 പേരെ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, ശ്രീലത കേശവന്‍, ബി.ഡി അരുണ്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."