സ്ത്രീയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ തെയ്യം കലാകാരനെ അറസ്റ്റ് ചെയ്തു
നാദാപുരം: കഴിഞ്ഞ ഓണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച തെയ്യം കലാകാരന് കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ മലയില്‍ സജേഷിനെ (33) ക്ഷേത്രസന്നിധിയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തു. മാവേലിയെ വരവേല്‍ക്കാന്‍ ഓണപ്പൊട്ടന് വേഷം കെട്ടിയ നിലയില്‍ വിഷ്ണുമംഗലം പ്രദേശത്തു വച്ചായിരുന്നു ഇയാളെ ബി.ജെ.പി-ആര് എസ്.എസ് സംഘം ആക്രമിച്ചത്. തുടര്‍ന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരേ സ്ത്രീയെ അസഭ്യം പറഞ്ഞു കൈയേറ്റം ചെയ്തതായി ആരോപിച്ച് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് തെയ്യം കലാകാരനെ ഇന്നലെ ഉച്ചയോടെ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തത്.
കല്ലാച്ചി ഉണ്ണംനാട്ടില് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് തെയ്യം കലാകാരനായി എത്തിയതായിരുന്നു ഇയാള്‍. ഉത്സവത്തിന് ചമയപ്പാടുകള് ഒരുക്കുന്നതിനിടയിലാണ് അറസ്റ്റ്. ഇതേതുടര്‍ന്ന് ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രതിഷേധക്കാര്‍ പിന്നീട് പൊലിസ് സ്റ്റേഷനില്‍ എത്തി. വാദ്യ-തെയ്യം കലാകാരന്മാര് പൊലിസ് സ്റ്റേഷന് കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്റ്റേഷനില്‍ എത്തിയത് പൊലിസുമായുള്ള വാക്കേറ്റത്തിനു കാരണമായി. പിന്നീട് ഇയാളെ നാദാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."