അത്തോളി പൊലിസ് സ്റ്റേഷനില്‍ ഡി.സി.സി പ്രസിഡന്റിന്റെ കുത്തിയിരിപ്പ് സമരം
ബാലുശ്ശേരി: ഉള്ള്യേരിയില്‍ അക്രമം നടത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് വിവരം നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലിസ് നിലപാടില്‍ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഇന്നലെ വൈകിട്ടോടെ അത്തോളി പൊലിസ് സ്റ്റേഷന് മുന്‍പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തരോടൊപ്പം സിദ്ദീഖ് കുത്തിയിരിപ്പ് സമരം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പൊലിസ് അന്വേഷിക്കാന്‍ പോലും തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സി.പി.എം പ്രാദേശിക നേതാവിനെതിരേയുളള പരാതി സ്വീകരിക്കാന്‍ പോലും പൊലിസ് തയാറായില്ല. ഇത്തരത്തിലുള്ള സമീപനമാണ് പൊലിസ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടിക്കുമെന്ന് സി.ഐ ഉറപ്പ് നല്‍കിയ ശേഷമാണ് സമരക്കാര്‍ സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, ഡി.സി.സി ട്രഷറര്‍ ടി. ഗണേശ്ബാബു, ജനറല്‍ സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, എ.കെ അബ്ദുള്‍സമദ്, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി.പി നൗഷീര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഋഷികേശന്‍ മാസ്റ്റര്‍ സമരത്തിന് നേതൃത്വം കൊടുത്തു. സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ഉള്ള്യേരി പഞ്ചായത്തില്‍ ഇന്നലെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."