ഐ.ജി ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ത്യശൂര്‍ : കെ.എസ്.യു പ്രവര്‍ത്തകര്‍ തൃശൂര്‍ ഐ .ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സി.പി.എമ്മിന്റെ സെല്‍ ഭരണത്തിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരേ നടത്തിയ പൊലിസ് ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ചാണ് ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥികള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തു. ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു.
രാവിലെ പതിനൊന്നോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനമായി ഐ.ജി.ഓഫിസിന് മുന്നിലെത്തിയത്. ഓഫിസിന് നൂറ് മീറ്റര്‍ അകലെയായി അസിസ്റ്റന്റ് കമ്മിഷണര്‍ കെ.പി.ജോസിന്റെ നേതൃത്വത്തില്‍ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്തു ഓഫിസിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലിസ് തടഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ശോഭാ സുബിന്‍ അടക്കമുള്ള പത്തോളം പേര്‍ക്ക് ലാത്തിവീശലില്‍ പരുക്കുണ്ട്. ശോഭാ സുബിന്റെ നേത്യത്വത്തില്‍ ഒരു വനിതാ അംഗം ഉള്‍പെടെ അമ്പതോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഡി.സിസി ഓഫിസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്വരാജ് റൗണ്ടിലെത്തിയപ്പോള്‍ ട്രാഫിക് ഡിവൈഡറുകള്‍ പ്രവര്‍ത്തകര്‍ മറിച്ചിട്ടു.
തുടര്‍ന്നാണ് പ്രകടനം മുന്നോട്ട് നീങ്ങിയത്. പഴയ പാതാളം മാര്‍ക്കറ്റിനു സമീപമുള്ള ബി .എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ വച്ച് മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗം കഴിഞ്ഞ ഉടനെയാണ് റോഡിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ പൊലിസിന്റെ ബാരിക്കേഡുകള്‍ തള്ളിമാറ്റുകയും ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു.
ഈ സമയം പൊലിസ് സംയമനം പാലിച്ച് നിന്നിരുന്നു. ഇതിനിടെ ഏതാനും പേര്‍ ചേര്‍ന്ന് ഈസ്റ്റ് പൊലിസ് സ്‌റ്റേഷന്‍ റോഡിലെ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തിചാര്‍ജ് നടത്തി.
ശോഭാ സുബിനെ കൂടാതെ , കെഎസ് യു മണലൂര്‍ മണ്ഡലം പ്രസിഡന്റ് ശില്‍പ, കെ.എസ്.യു പ്രവര്‍ത്തകരായ പ്രമോദ് താണിക്കുടം, ഷൈന്‍ വര്‍ഗീസ്, ഫ്രാന്‍സിസ് ചിറ്റലപ്പിള്ളി, ദിനേശ്, ഫാറൂഖ് മുഹമ്മദ്, സുബിന്‍ വൈലോപ്പിള്ളി, സിറാജ് കടവല്ലൂര്‍, അശ്വിന്‍ എന്നിവര്‍ക്കാണ് പൊലിസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റത്.
റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച പതിനഞ്ചോളം പ്രവര്‍ത്തകരെ പൊലിസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ത്യശൂര്‍ സിറ്റി എസിപി. കെ.പി ജോസഫ് , സി.ഐമാരായ വി .കെ രാജു, ഉമേഷ് എന്നിവരുടെ നേത്യത്വത്തില്‍ വന്‍ പൊലിസ് നിരയാണ് മാര്‍ച്ചിനെ നേരിടാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."