ചൂട് കൂടുന്നു... ദാഹശമനികളില്‍ മരക്കഷ്ണങ്ങള്‍ ഉപയോഗിക്കുന്നത് ഈര്‍ച്ചമില്ലുകളിലെ പാഴ്‌വസ്തുക്കള്‍
കോഴിക്കോട്: കൊടിയ ചൂട് കേരളത്തെ ദഹിപ്പിക്കുമ്പോള്‍ ദാഹശമനികളുടെ കച്ചവടവും പൊടിപൊടിക്കുന്നു. കുപ്പിയിലടച്ച ദാഹശമനികള്‍ക്കു പുറമെ മലയാളികള്‍ ഉപയോഗിക്കുന്ന കരിങ്ങാലി പോലുള്ള പായ്ക്കറ്റുകളില്‍ അധികവും വ്യാജന്‍മാര്‍. വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കാനായി മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കരിങ്ങാലി, പതിമുഖം തുടങ്ങിയവയുടെ പേരില്‍ വില്‍ക്കപ്പെടുന്ന പായ്ക്കുകളിലാണ് വ്യാജന്‍ പിടിമുറുക്കിയിരിക്കുന്നത്. വേനല്‍ചൂട് അധികരിച്ചതോടെ വെള്ളത്തിന് വിവിധ കളറും രുചിയും നല്‍കുന്ന ഇത്തരം പായ്ക്കുകള്‍ ഹോട്ടലുകളിലും കല്യാണ വീടുകളിലും വീടുകളിലും യഥേഷ്ടം ഉപയോഗിക്കുകയാണ്.
എന്നാല്‍ കരിങ്ങാലി, പതിമുഖം തുടങ്ങിയവ അടങ്ങിയവയാണെന്ന പേരില്‍ വിറ്റഴിക്കുന്നത് ഏതെങ്കിലും മരക്കഷണങ്ങളോ രാസപദാര്‍ഥങ്ങളോ ചേര്‍ത്ത വസ്തുക്കളാണെന്നാണ് പറയപ്പെടുന്നത്. ദാഹശമനത്തിനായി പതിമുഖം, കരിങ്ങാലി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളുടെ തടി ഉപയോഗിക്കാറുണ്ട്. സംസ്‌കൃതത്തില്‍ ദന്തധാവന എന്നും വിളിക്കുന്ന കരിങ്ങാലി വിവിധ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കുചന്ദനം എന്ന പേരിലറിയപ്പെടുകയും അനവധി ഔഷധ ഗുണങ്ങളുമുള്ളതാണ് പതിമുഖം.ഇതില്‍ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.
കേരളത്തിലെ ഇപ്പോഴത്തെ ഇവയുടെ ഉപയോഗം നോക്കുകയാണെങ്കില്‍ ദിവസേന ടണ്‍ കണക്കിന് കരിങ്ങാലിയും പതിമുഖവും ആവശ്യമായി വരിക. എന്നാല്‍ പത്തു രൂപ മുതലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ കടകളില്‍ നിന്നു ഇവ ചേര്‍ത്തെന്ന് പറയപ്പെടുന്ന ദാഹശമനി പായ്ക്കറ്റുകള്‍ ലഭിക്കുന്നത്.
പായ്ക്കറ്റുകളില്‍ പലതിലും നിറച്ചിരിക്കുന്നത് ഈര്‍ച്ചമില്ലുകളിലെ വേസ്റ്റ് തടികളാണ്. ഈ തടിക്കഷണങ്ങളില്‍ അയോഡിന്‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങള്‍ ചേര്‍ത്ത് നിറപ്പകിട്ടേകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പായ്ക്കറ്റുകളില്‍ ഭൂരിഭാഗവും കേരളത്തിലേക്കെത്തുന്നത്. ഇത്തരം പായ്ക്കുകളുടെ ഗുണമേന്‍മയെക്കുറിച്ചോ നിലവാരത്തെക്കുറിച്ചോ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല.
നല്ല കളര്‍ ലഭിക്കുന്നവയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണ്. നഗരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലക്ഷാമമുണ്ടാകുകയും ഹോട്ടലുകളിലെയും മറ്റും വെള്ളത്തിന്റെ നിറം മാറുകയും ചെയ്യുമ്പോള്‍ ഇത്തരം പായ്ക്കറ്റുകള്‍ ഇവര്‍ക്ക് അനുഗ്രഹമാവുകയാണ്. കലക്കവെള്ളത്തില്‍ ഇത്തരം പൊടികളിട്ട് നിറവും മണവും മാറുന്നതോടെ ആളുകള്‍ താല്‍പര്യത്തോടെ കുടിച്ചുകൊള്ളും. 250ലേറെ കമ്പനികളുടെ ദാഹശമനി പായ്ക്കറ്റുകള്‍ സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നുണ്ട്. ഇവയിലെ മരക്കഷണങ്ങള്‍ എന്താണെന്ന് പരിശോധിച്ച് കണ്ടെത്താന്‍ പോലും ആരോഗ്യവകുപ്പ് അധികൃതര്‍ തയാറാവുന്നില്ല. അല്‍പം ജീരകമോ തുളസിയോ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിന് പകരം ഗുണനിലവാരം ഉറപ്പു വരുത്താത്ത ഇത്തരം പായ്ക്കുകള്‍ കണ്ണടച്ചുവാങ്ങി ഉപയോഗിച്ചാല്‍ വൃക്കകളെപ്പോലും അപകടത്തിലാക്കുന്ന അസുഖങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."