വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയയാള്‍ പിടിയില്‍
ഗുരുവായൂര്‍: ചാവക്കാട്, ഗുരുവായൂര്‍, പാവറട്ടി മേഖലകളില്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നയാളെ ഗുരുവായൂര്‍ പൊലിസ് പിടികൂടി. പുന്നയൂര്‍ക്കുളം ചെറായി തോട്ടുങ്ങല്‍ വീട്ടില്‍ സജീര്‍ (30) ആണ് പിടിയിലായത്. ചാവക്കാട് പഞ്ചാരമുക്കില്‍ നിന്നും രണ്ടര പവനും ഇരിങ്ങപ്പുറം, എരുകുളം ബസാര്‍ എന്നിവിടങ്ങളില്‍ നിന്നായി അരപ്പവന്‍ വീതവും പാവറട്ടിയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്.
മോഷണ വസ്തുക്കള്‍ വിറ്റ പണമുപയോഗിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടക്കവെ ഗുരുവായൂര്‍ കിഴക്കെ നടയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പെരുമ്പടപ്പ് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ഏപ്രില്‍ 26നാണ് ഇയാള്‍ പുറത്തിറങ്ങിയത്.
തുടര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ മോഷണം നടത്തിയത്. രാത്രി വീടുകളില്‍ മോഷണവും പകല്‍ സമയങ്ങളില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലോ നഗരസഭ ലൈബ്രറിയിലോ ഉറങ്ങുകയാണ് ഇയാളുടെ പതിവ്. ഷാഡോ പൊലിസിന്റെ സഹായത്തോടെയാണ് പൊലിസിന് ഇയാളെ പിടികൂടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."