കെ.എം.സി.ടി മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി
മുക്കം: കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തോടുള്ള മാനേജ്മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരേ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
ഹോസ്റ്റലിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടും മായം കലര്‍ന്ന ഭക്ഷണം നല്‍കുന്നതിനെതിരേയും നേരത്തെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചിരുന്നു. മായം കലര്‍ന്ന ഭക്ഷണം കഴിച്ച് നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്നാണ് ശുചിത്വമുള്ള ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചത്.
എസ്.എഫ്.ഐ തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോളജ് ഓഫിസും അഡ്മിനിസ്ട്രേറ്റ് ബ്ലോക്കും ഉപരോധിച്ചിരുന്നു. സമാന പ്രശ്നങ്ങളാല്‍ കെ.എം.സി.ടി മാനേജ്മെന്റിനു കീഴിലുള്ള നഴ്സിങ്, ബി ഫാം, ദന്തല്‍ കോളജുകളും അടച്ചിട്ടിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം കെ.എസ് അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.വി വൈശാഖ് അധ്യക്ഷനായി. എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി അതുല്‍ ദാസ്, വൈസ് പ്രസിഡന്റ് അരുണ്‍ ഒഴലോട്ട്, നോര്‍മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."