കാട് കത്തിയമര്‍ന്നിട്ട് മൂന്ന് വര്‍ഷം: അന്വേഷണം എങ്ങുമെത്തിയില്ല
മാനന്തവാടി: വയനാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കാട്ടുതീ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം മൂന്നു വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഇതിനോടകം കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ജില്ലയിലെത്തി അന്വേഷണവും ചോദ്യം ചെയ്യലുകളും നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലും തയാറാക്കാന്‍ കഴിഞ്ഞിട്ടില്ല. 2014 മാര്‍ച്ച് 16നാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടെ ഏഴോളം സ്ഥലത്ത് കാട്ടുതീയുണ്ടായത്.
നോര്‍ത്ത് വയനാട് വനം ഡിവിഷനിലും വന്യജീവി വിഭാഗത്തിലുംപെട്ട തിരുനെല്ലി, ബേഗൂര്‍, തോല്‍പ്പെട്ടി, പൊതിയൂര്‍, കോട്ടിയൂര്‍, ദേവഗദ്ദ തുടങ്ങിയ വനഭാഗങ്ങളിലുമായിരുന്നു ഒരേസമയം കാട് കത്തിനശിച്ചത്. 312 ഹെക്ടര്‍ വനമാണ് രണ്ട് ദിവസം കൊണ്ട് കത്തിയമര്‍ന്നത്. ഇവിടങ്ങളിലുള്ള അപൂര്‍വ്വമായ ജൈവ സസ്യങ്ങളും വന്യ ജീവികളും കാട്ടുതീയില്‍ വെന്തമര്‍ന്നു. ജില്ലയിലെ മുഴുവന്‍ അഗ്‌നിശമന സന്നാഹങ്ങളും വിനിയോഗിച്ചായിരുന്നു കാട്ടുതീ അണച്ചത്.
കത്തിയമര്‍ന്ന വനപ്രദേശത്ത് ചത്തുകിടന്ന ജീവികളുള്‍പ്പെടെ ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ജില്ല കാണാനെത്തിയവരെ കാത്തിരുന്നത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യം വനംവകുപ്പും, പൊലിസും അന്വേഷിച്ച കേസ് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ക്രൈംബ്രാഞ്ച്് ഏറ്റെടുത്തത്. ഇതേതുടര്‍ന്ന് അന്വേഷണ സംഘം സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തുകയും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സൈബര്‍ സെല്ലിന്റെതടക്കം സഹായവും തേടിയിരുന്നു. ഒരേസമയം ഏഴിടത്ത് കാട്ടുതീയുണ്ടായതില്‍ ഗൂഡാലോചനയുണ്ടെന്ന് കാണിച്ച് വനംവകുപ്പ് അഡീഷണല്‍ പി.സി.സി.എഫ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഗൂഡാലോചന പുറത്തുകൊണ്ട് വരാനോ തീയിട്ടതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. കാട്ടുതീ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നു. വനം പൊലിസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളും കാടിന് തീ വെക്കുന്നതിന് പിന്നില്‍ കലാശിച്ചതായി വിലയിരുത്തലുകളുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം കുറയാന്‍ വേണ്ടി പ്രദേശവാസികള്‍ തീയിട്ടതാകാം എന്നും ആരോപണമുണ്ടായിരുന്നു. വനം വകുപ്പില്‍ നിന്നും പിരിച്ചുവിട്ട രണ്ട് താല്‍ക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങിയിരുന്നു. എന്നാല്‍ കേസന്വേഷണം ഈ ദിശകളിലേക്ക് വ്യാപിപ്പിച്ചെങ്കിലും ഫലം നിരാശയായിരുന്നു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ ഡിവൈ.എസ്.പി സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് ഡിവൈ.എസ്.പി അശോക് കുമാറും ഇപ്പോള്‍ ഡോ. ശ്രീനിവാസുമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."