കരവിരുതിനു വിലയില്ല കുട്ട, മുറം, പരമ്പ് നിര്‍മാതാക്കള്‍ തൊഴില്‍ ഉപേക്ഷിക്കുന്നു
തൃക്കൈപ്പറ്റ: പരമ്പരാഗത കുട്ട, മുറം, പരമ്പ് നിര്‍മാതാക്കള്‍ തൊഴില്‍ ഉപേക്ഷിക്കുന്നു. വയനാട്ടില്‍ ചീങ്ങോട്, പനമരം, നൂല്‍പ്പുഴ, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലായി വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് നിലവില്‍ ഈ രംഗത്ത്. മുളയും ഓടയും ഉപയോഗിച്ച് നിര്‍മിക്കുന്ന കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും അധ്വാനത്തിനൊത്ത് വരുമാനം ലഭിക്കാത്തതുമാണ് പലരും തൊഴിലില്‍നിന്നു പിന്‍വാങ്ങുന്നതിനു കാരണം.
കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ 500 രൂപയാണ് ശരാശരി ദിവസക്കൂലി. പുലര്‍ച്ചെ മുതല്‍ രാത്രിവരെ അധ്വാനിച്ച് കുട്ടയോ മുറമോ പരമ്പോ മെടഞ്ഞ് വില്‍ക്കുന്നവര്‍ക്ക് ഇതിന്റ പാതിപോലും വരുമാനമില്ല. ഇതാണ് വൈദഗ്ധ്യം ഉള്ളവര്‍പോലും ഈ തൊഴില്‍ വിടുന്നതിനു ഇടയാക്കുന്നതെന്ന് കല്‍പ്പറ്റ മണിയങ്കോട്ടെ മുരളി പറയുന്നു. മണിയങ്കോട്ടെ പരേതനായ രാജു-രാജമ്മ ദമ്പതികളുടെ ആറ് മക്കളില്‍ മൂത്തതാണ് മുരളി. പത്ത് അംഗങ്ങളുള്ള കുടുംബത്തില്‍ രാജുവും ഭാര്യ ജ്യോതിയും മാത്രമാണ് കുട്ട, മുറം നെയ്ത്ത് ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നത്. പൈതൃകമായി പകര്‍ന്നുകിട്ടിയ വിദ്യ തറവാട്ടില്‍ കുറ്റിയറ്റുപോകുന്നതിലുള്ള സങ്കടമാണ് ദുരിതങ്ങള്‍ സഹിച്ചും തൊഴിലില്‍ തുടരുന്നതിനു പിന്നിലെന്ന് തൃക്കൈപ്പറ്റയില്‍ ഉറവ് സംഘടിപ്പിച്ച മുളയുത്സവത്തില്‍ ഗ്രാമീണസ്ത്രീകളെ കുട്ട നെയ്ത്ത് അഭ്യസിപ്പിക്കാനെത്തിയ 53 കാരനായ മുരളിയും ഭാര്യയും പറഞ്ഞു.
തൃക്കൈപ്പറ്റ, വെള്ളിത്തോട് എന്നിവിടങ്ങളില്‍നിന്നുള്ള 18 സ്ത്രീകളെയാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ ഈ ദമ്പതികള്‍ കുട്ടനിര്‍മാണം പഠിപ്പിച്ചത്. ഒരു പൊതി നെല്ല് കൊള്ളുന്ന വലിയ കുട്ട, അരപ്പൊതി നെല്ല് സംഭരിക്കാവുന്ന അരക്കുട്ട, കാപ്പി വിളവെടുപ്പിനും മറ്റും ഉപയോഗിക്കുന്ന ചെറുകുട്ടകള്‍, കുരുമുളകും, നെല്ലും മറ്റും വെയില്‍കൊള്ളിച്ച് ഉണക്കിയെടുക്കുന്നതിനുള്ള പല വലിപ്പത്തിലുള്ള പരമ്പുകള്‍, മുറം എന്നിവ മുമ്പ് വിളവെടുപ്പുകാലങ്ങളില്‍ ചൂടപ്പം പോലെയാണ് ഗ്രാമീണ മേഖലകളില്‍ വിറ്റഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുള-ഓട നിര്‍മിത കുട്ടയ്ക്കും മുറത്തിനും നന്നേ കുറവാണ് ഡിമാന്‍ഡ്. പ്ലാസ്റ്റിക് കുട്ടകളും മുറങ്ങളും പായകളും ഗ്രാമീണ വിപണികളടക്കം കൈയടക്കിയതോടെ തുടങ്ങിയതാണ് പരമ്പരാഗത കൈത്തൊഴിലുകാരുടെ കഷ്ടകാലം. വനത്തില്‍നിന്നു ശേഖരിക്കുന്നതും നാട്ടിന്‍പുറങ്ങളില്‍നിന്നു വിലക്കു വാങ്ങുന്നതുമായ മുളയും ഓടയും ഉപയോഗിച്ചാണ് കുട്ടയും മുറവും മറ്റും നിര്‍മിക്കുന്നത്. ഒരു വലിയ കുട്ടയുണ്ടാക്കുന്നതിനു രണ്ട് ഓടയും ഒരു കഷ്ണം മുളയുമാണ് ആവശ്യം. ഇതിനു 100 രൂപയോളം വിലയാകും. ഓടയും മുളയും മുറിച്ച് ചീകിമിനുക്കി അലകും നാരുമാക്കി കുട്ട നിര്‍മിക്കാന്‍ മണിക്കൂറുകള്‍ അധ്വാനിക്കണം.
എന്നാല്‍ ഒരു കുട്ട വിറ്റാല്‍ 300 രൂപ കിട്ടില്ലെന്ന് മുരളിയും ജ്യോതിയും പറഞ്ഞു. സര്‍ക്കാരും വിവിധ ഏജന്‍സികളും സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഈ കൈത്തൊഴില്‍ ചെയ്യുന്നവരെ കണികാണാന്‍പോലും കിട്ടില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."