ബത്തേരി താലൂക്ക് ആശുപത്രി 12.37 കോടി രൂപയുടെ നിര്‍ദേശം പരിഗണനയില്‍
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, ഉപകരണങ്ങള്‍ വാങ്ങുന്നതിനും 12.37 കോടി രൂപയുടെ നിര്‍ദേശം പരിഗണിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ സബ്മിഷനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
ഓരോ ജില്ലയിലും ഒരു താലൂക്ക് ആശുപത്രിയുടെ നിര്‍ദേശം സമഗ്ര വികസനത്തിനായി തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്നാണ് ജില്ലയില്‍ നിന്ന് ബത്തേരി ആശുപത്രിയെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. 2017 ഫെബ്രുവരി ഏഴിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രി നിര്‍മാണ പ്രവര്‍ത്തനത്തിന് 25 കോടി രൂപയും അനുവദിച്ചിരുന്നു.
ബത്തേരി താലൂക്ക് ആശുപത്രിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 23 കോടി ചെലവഴിച്ച് കെട്ടിടം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ആവശ്യമായ ജീവനക്കാരെ നിയമിച്ചില്ലെന്ന് ഐ.സി ബാലകൃഷ്ണന്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 1995ല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയായി ഉയര്‍ത്തിയ ആശുപത്രിയില്‍ ദിവസം ശരാശരി 750-800 പേര്‍ ഒ.പിയില്‍ എത്തുന്നുണ്ട്. 57 കിടക്കകളാണ് ആശുപത്രിയിലുള്ളത്. നിലവില്‍ ഒന്നരകിലോ മീറ്റര്‍ ദൂരത്തായി ആശുപത്രിയുടെ പഴയ ബ്ലോക്കും, പുതിയ ബ്ലോക്കും സ്ഥിതി ചെയ്യുന്നത്. രണ്ടു ബ്ലോക്കുകളിലുമായി 125 കിടക്കകളുണ്ട്.
മതിയായ ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ച് (മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം) ഉപയോഗിച്ച് നിര്‍മിക്കുന്ന ആറു നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി.
എന്നാല്‍ രണ്ടു ലിഫ്റ്റുകളില്‍ ഒന്നിന്റെ പണി തുടങ്ങിയിട്ടില്ല. കൂടാതെ ഫയര്‍സേഫ്റ്റി, കെ.എസ്.ഇ.ബി എന്നിവയുടെ അനുമതി ലഭിച്ചിട്ടുമില്ല. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ കോംപ്രഹെന്‍സീവ് ട്രൈബല്‍ ഹെല്‍ത്ത് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതു കൂടാതെ ആര്‍ദ്രം മിഷന്റെ ഭാഗമായി എല്ലാ താലൂക്ക് ആശുപത്രികളിലും അധിക തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."