HOME
DETAILS

തേരാപാരാ നടക്കുന്നത് അത്ര മോശമാണോ

  
backup
March 16 2017 | 00:03 AM

%e0%b4%a4%e0%b5%87%e0%b4%b0%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%be-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%8d

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍വച്ചു നടത്തിയ ഒരു പരാമര്‍ശം വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ തേരാപാരാ നടക്കുന്നവരെയല്ല, വിജിലന്‍സ് ജഡ്ജിയെയാണ് തങ്ങളുടെ ഗവണ്‍മെന്റ് ന്യൂനപക്ഷകമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാക്ക്. യു.ഡി.എഫ് എം.എല്‍.എമാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് മന്ത്രി തേരാപാരാ പ്രയോഗം പിന്‍വലിച്ചു. 

 

തേരാപാരാ നടക്കുന്നവര്‍ എന്ന സൂചനയ്ക്കകത്ത് അകപ്പെട്ട മുന്‍ ന്യൂനപക്ഷകമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി മന്ത്രിയുടെ പരാമര്‍ശത്തിനു പിറ്റേന്ന്് പത്രങ്ങളിലൂടെ മറുപടി പറഞ്ഞു. സംഗതി അവിടെ അവസാനിപ്പിച്ചു. തേരാപാരാ എന്ന വാക്കിന്റെ അര്‍ഥം തേടി എം.എല്‍.എമാര്‍ അനന്തവിഹായസ്സിലൂടെ അലഞ്ഞുനടന്നതു മാത്രമാണു വിവാദത്തിന്റെ ശേഷിപ്പ്.


എന്നാല്‍, മന്ത്രിയുടെ പ്രയോഗത്തിന്റെ അര്‍ഥധ്വനികളില്‍ ഒളിഞ്ഞുകിടക്കുന്ന യഥാര്‍ഥ അപകടം നിയമസഭയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടുനിന്ന ജനപ്രതിനിധികളും പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും അതിന്റെ സ്വാരസ്യം ആസ്വദിച്ച ജനങ്ങളും മന്ത്രിക്കു മറുപടി പറഞ്ഞ സാക്ഷാല്‍ എം വീരാന്‍കുട്ടി തന്നെയും തിരിച്ചറിഞ്ഞുവോ.


തേരാപാരാ നടക്കുന്നവരെന്നു പറഞ്ഞപ്പോള്‍ മന്ത്രിയുടെ നാക്കില്‍ ദുസ്സൂചനകളൊന്നുമില്ലായിരുന്നുവെന്നു സമ്മതിക്കുക. എങ്കില്‍ത്തന്നെയും അദ്ദേഹം അതുകൊണ്ടുദ്ദേശിച്ചതു കാര്യമായ മറ്റു തൊഴിലൊന്നുമില്ലാതെ പൊതുപ്രവര്‍ത്തനം തലയില്‍ കയറ്റി നടക്കുന്നവരെന്നു തന്നെയാണ്.
അങ്ങനെ ചിന്തിക്കുമ്പോള്‍, നമ്മുടെ മിക്ക രാഷ്ട്രീയനേതാക്കളും തേരാപാരാ നടക്കുന്നവരാണ്. ഈ തേരാപാരാ നടത്തത്തിനിടയിലാണ് അവര്‍ ജനകീയപ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു കണ്ടറിയുന്നതും അവ ഉയര്‍ത്തിക്കാട്ടി പോരാട്ടങ്ങളിലേര്‍പ്പെടുന്നതും. വി.എസ് അച്യുതാനന്ദന്‍ മതികെട്ടാനിലേക്കും ഒഞ്ചിയത്തേക്കും കൂടംകുളത്തേക്കും ഇപ്പോള്‍ വാളയാറിലേക്കും മറ്റും നടത്തിയ യാത്രകള്‍ ഇത്തരം തേരാപാരാ നടത്തങ്ങളുടെ ഭാഗമാണ്.
ഇങ്ങനെ നടന്നുനടന്നു പൊതുപ്രവര്‍ത്തനം നടത്തി എം.എല്‍.എമാരായവരാണു നിയമസഭയില്‍ മന്ത്രി ജലീലിന്റെ പ്രസംഗം കേട്ടു രസിച്ചവരില്‍ ബഹുഭൂരിപക്ഷവും. യു.ജി.സി പ്രഫസറും വക്കീലും ഡോക്ടറും മറ്റുമായി ജീവിച്ചുകൊണ്ടിരിക്കെ സാഹചര്യങ്ങളുടെ ചില നിമിത്തങ്ങളിലൂടെ നിയമസഭയിലെത്തിയവര്‍ വളരെക്കുറച്ചുപേര്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും തേരാപാരാ നടത്തക്കാര്‍ തന്നെയാണ്. എന്നിട്ടെന്താ, അവരെല്ലാം തങ്ങളുടെ പൊതുപ്രവര്‍ത്തനപാരമ്പര്യത്തെ കളിയാക്കിക്കൊണ്ടു മന്ത്രി നടത്തിയ പ്രസംഗം കേട്ടു രസിക്കുകയായിരുന്നു.


പൊതുപ്രവര്‍ത്തനമെന്നതു തേരാപാരാ നടത്തമല്ലാതെ മറ്റെന്താണ്. അതിരാവിലെ എഴുന്നേറ്റു കട്ടന്‍ചായ കുടിച്ചു നാട്ടുകാര്‍ക്കുവേണ്ടി ഓടിനടന്നു പൊതുപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും നടത്തുന്ന ചിലരാണു നമ്മുടെ സാമൂഹ്യവ്യവസ്ഥയെ നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത് ഇത്തരം തേരാപാരാ നടത്തക്കാരാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സോഷ്യലിസ്റ്റ് രാഷ്ട്രീയവും വളര്‍ത്തിയെടുത്തതു നടന്നുനടന്നു ചെരിപ്പു തേഞ്ഞുപോയ ചിലരാണ്.


നാട്ടിലെ എല്ലാ മതസാമൂഹികപ്രസ്ഥാനങ്ങളും ഇത്തരം നടത്തക്കാര്‍, വീടും കുടുംബവും മറന്നുകൊണ്ടു നടത്തിയ പൊതുപ്രവര്‍ത്തനങ്ങളിലൂടെയാണു വളര്‍ന്നുവന്നത്. അവരില്ലായിരുന്നുവെങ്കില്‍, എങ്ങനെയായേനെ ലോകത്തിന്റെ ഗതി. തേരാപാരാ നടത്തക്കാര്‍ക്കു പകരം ഉന്നതോദ്യോഗസ്ഥന്മാരെയും ഹൈ പ്രൊഫൈല്‍ പ്രഫഷനലുകളേയും സ്വന്തം ലോകത്ത് അന്തസ്സായി കഴിഞ്ഞുകൂടുന്നവരേയുമൊക്കെ കാര്യങ്ങളേല്‍പ്പിച്ചിരുന്നുവെങ്കില്‍ നാം എവിടെയാകും എത്തിച്ചേരുക.


അതാലോചിക്കുമ്പോഴാണു തേരാപാരാ നടത്തക്കാര്‍ അത്ര നിസ്സാരരല്ലെന്നു മനസ്സിലാവുക. അവരുടെ നടത്തമാണു ചരിത്രഗതി നിര്‍ണയിച്ചതെന്നു തിരിച്ചറിയുക. ഇന്ത്യയുടെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്കു മൂന്നാംക്ലാസ് തീവണ്ടിയില്‍ പൂര്‍ത്തിയാക്കിയ തേരാപാരാ നടത്തത്തില്‍ നിന്നല്ലേ മഹാത്മാഗാന്ധി എന്ന ദേശീയനേതാവിന്റെ തുടക്കം.


തേരാപാരാ നടത്തക്കാര്‍ക്കു പകരം ഇടതുസര്‍ക്കാര്‍ ന്യൂനപക്ഷകമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിയമിച്ചത് ആരെയാണെന്നു മന്ത്രി അഭിമാനപൂര്‍വം പറഞ്ഞു, വിജിലന്‍സ് ജഡ്ജിയെ. നാടുനന്നാക്കാന്‍ പെരുവഴിയിലേക്കിറങ്ങി നടന്നുനടന്നു വിയര്‍ത്തുകുളിക്കുന്ന പൊതുപ്രവര്‍ത്തകനെയല്ല, പഠിപ്പും പത്രാസും പദവിയും വിവരവുമുള്ള ജഡ്ജിയേമാനനെയാണു ന്യൂനപക്ഷകമ്മിഷന്‍ ചെയര്‍മാനാക്കിയതെന്നാണു പറഞ്ഞതിന്റെ പൊരുള്‍.


പൊതുപ്രവര്‍ത്തനത്തേക്കാള്‍ ഉദ്യോഗസ്ഥസംവിധാനത്തിനു പ്രാമുഖ്യം നല്‍കുന്ന മനസ്സാണ് ഇവിടെ അനാവൃതമാവുന്നത്. ആം ആദ്മിയേക്കാള്‍ എലീറ്റുകളെ ആദരിക്കുന്ന സമീപനമാണിത്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ ആരാണു കൂടുതല്‍ യോഗ്യന്‍. ജനങ്ങള്‍ക്കിടയില്‍ വെള്ളത്തിലെ മത്സ്യംപോലെ ജീവിക്കുന്ന തേരാപാരാ നടത്തക്കാരനോ അധികാരകേന്ദ്രങ്ങളുടെ പ്രതിനിധിയായ ജഡ്ജിയോ. മന്ത്രി ജി സുധാകരനോടെങ്കിലുമൊന്നു ചോദിച്ചുനോക്കാമായിരുന്നു ജലീലിന്. തീര്‍ച്ചയായും, സുധാകരന്‍ മന്ത്രി തേരാപാരാ നടത്തക്കാരോടൊപ്പമായിരിക്കുമെന്ന് എനിക്കുറപ്പാണ്.


മന്ത്രി ജലീലിനെ കുറ്റം പറയേണ്ടതില്ല. അദ്ദേഹം പ്രകടമാക്കിയതു നമുക്കിടയില്‍ നിലനില്‍ക്കുന്ന പൊതുമനോഭാവം മാത്രമാണ്. പൊതുപ്രവര്‍ത്തകരെന്നാല്‍, കാര്യമായ തൊഴിലൊന്നുമെടുക്കാതെ തേരാപാരാ നടക്കുന്നവരാണെന്നു പൊതുബോധം വരച്ചിടുന്നു. അവരേക്കാള്‍ മെച്ചപ്പെട്ടവര്‍ പഠിപ്പും വിവരവും ഉയര്‍ന്ന ഉദ്യോഗവും മറ്റുമുള്ളവരാണെന്നു വിലയിരുത്തുന്നു. നമ്മുടെ വിധേയത്വം ഈ അധീശവര്‍ഗത്തോടാണ്. ഐ.എ.എസ് എന്നതു വ്യവസ്ഥയെന്ന പട്ടിയുടെ വാലാണെന്നും മജിസ്‌ട്രേറ്റുമാര്‍ കൊഞ്ഞാണന്മാരാണെന്നും മറ്റും പറയുക വഴി ജി. സുധാകരന്‍ ചോദ്യംചെയ്തത് ഈ അധമ ബോധത്തെയാണ്.


നിര്‍ഭാഗ്യവശാല്‍ തേരാപാരാ നടക്കുന്നവരുടെ തലയ്ക്കുമീതെ വിജിലന്‍സ് ജഡ്ജിയെ പ്രതിഷ്ഠിച്ച മന്ത്രി ജലീല്‍ ഇതു മനസ്സിലാക്കിയില്ല. തങ്ങളെത്തന്നെയാണു മന്ത്രി വിലകുറച്ചുകാണുന്നതെന്നു നിയമസഭയിലുണ്ടായിരുന്ന മന്ത്രിമാരും എം.എല്‍.എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും മനസ്സിലാക്കിയില്ല.
മന്ത്രി സുധാകരന്‍ ആ സമയത്ത് നിയമസഭയിലുണ്ടായിരുന്നുവോ, ആവോ!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago