ലോകത്തിലെ ഏറ്റവും ചെറിയ ലീഡ്ലെസ്സ് പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരം
കൊച്ചി: ലോകത്തിലെ ഏറ്റവും ചെറിയ ലീഡ്ലെസ്സ് പേസ്മേക്കര്‍ ശസ്ത്രക്രിയ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി നടത്തി. ഹ്രസ്വസ്വരൂപത്തിലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ അടങ്ങിയ ഈ ഉപകരണം 74 വയസുള്ള രോഗിയിലാണ് ഘടിപ്പിച്ചത്.
ഹൃദയപേശികളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഈ ഉപകരണത്തിന്റെ വലിപ്പം പരമ്പരാഗത പേസ്മേക്കര്‍ ഉപകരണത്തിന്റെ പത്തിലൊന്നുമാത്രമാണ്. ലീഡ് ഇല്ലായെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു വലിയ വൈറ്റമിന്‍ ക്യാപ്സ്യൂളിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തില്‍ ഏറ്റവും നൂതനവും വിപുലവുമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാത്തലാബ് സര്‍വിസസ് മേധാവിയും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. രവി ചെറിയാന് മാത്യു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ഈ പുതിയ പേസ്മേക്കര്‍ ഉപയോഗിക്കുന്നതിനുള്ള അനുവാദം അടുത്തിടെയാണ് എഫ്.ഡി.എ(യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്) നല്‍കിയത്. കാര്‍ഡിയോളജി വിഭാഗം മേധാവിയും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. ലീനാ തോമസ്, സീനിയര്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ടി.യു. സക്കറിയാസ് എന്നിവരാണ് രവി ചെറിയാന്റെ ടീമിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."