വേണിക്കും വാണിക്കും ഇനി ന്യൂസിലന്‍ഡുകാരി 'അമ്മ'
തിരുവനന്തപുരം: മാതൃത്വത്തിന്റെ കൈത്താങ്ങുമായി സംഗീതത്തെ ഉപാസിക്കുന്ന ന്യൂസിലന്‍ഡുകാരി ഡെറിന്‍ ലൂയിസ് മെന്‍സീസ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പറന്നുവന്നു.
മാതാപിതാക്കളാരെന്നറിയാത്ത കുരുന്നു പെണ്‍കുട്ടികളായ വേണി(ആറ്), വാണി (അഞ്ച്)എന്നിവരുടെ'അമ്മ'യാകാന്‍ ഡെറിന്‍ ലൂയിസ് എത്തിയപ്പോള്‍ വെളുത്ത മാലാഖയെ കണ്ട കൗതുകമായിരുന്നു അവര്‍ക്ക്. മാതൃസ്നേഹവും വാത്സല്യവും ആവോളം നുകരാന്‍ അവര്‍ ഇനി'മാതൃരാജ്യ'മായ ന്യൂസിലന്‍ഡിലേക്ക് പറക്കും. ഇതോടെ സംസ്ഥാന ശിശുക്ഷേമസമിതി ദത്തെടുക്കലില്‍ മറ്റൊരു ചരിത്രം കൂടി രചിച്ചു.
ഈ കുരുന്നുകളെ ന്യൂസിലന്‍ഡുകാരിയായ ഡെറിന്‍ ലൂയിസ് മെന്‍സീസ് എന്ന മ്യൂസിക് തെറാപ്പിസ്റ്റാണ് ഏറ്റെടുത്തത്. പുതിയ ഭരണസമിതി അധികാരമേറ്റശേഷം ആദ്യമായാണു വിദേശത്തുനിന്നും ഒരു ദത്തെടുക്കല്‍ ചടങ്ങിനു സമിതി സാക്ഷ്യം വഹിച്ചത്. 1998ലാണ് മുന്‍പു വിദേശത്തുനിന്നുള്ളവര്‍ ദത്തെടുത്തത്. നാലുവര്‍ഷമായി മുടങ്ങിക്കിടന്ന നടപടികളാണു പുതിയ സമിതിയുടെ ഇടപെടലിലൂടെ സാധ്യമായത്. ദത്തെടുക്കലിന്റെ പേരില്‍ വ്യാപക അഴിമതി മനുഷ്യത്വപരമായ നടപടികള്‍ നടത്തുന്നതിനു വിഘാതമായിരുന്നു. പുതിയ സമിതി മൂന്നു മാസത്തിനുള്ളില്‍ സുതാര്യമായ നടപടികള്‍ ആരംഭിച്ചു. ഇന്നലെ ശിശുക്ഷേമ സമിതി ഓഫിസില്‍ നടന്ന ചടങ്ങില്‍ കുട്ടികളെ ഡെറിന്‍ ലൂയിസ് ഏറ്റുവാങ്ങി. സ്നേഹവും വാത്സല്യവും വിദ്യാഭ്യാസവും നല്കി കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുമെന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമിതി ട്രഷറര്‍ ജി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആര്.രാജു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."