'കേരള നാടകം' എഴുത്തച്ഛന്റേതല്ല
കോഴിക്കോട്: എഴുത്തച്ഛന്റേതെന്ന് മലയാള സാഹിത്യത്തില്‍ കരുതിപ്പോന്ന'കേരളനാടകം'ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റേതാണെന്ന് സ്ഥാപിച്ച് മലയാള സര്‍വകലാശാല. സാംസ്‌കാരിക രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ചു മലയാള സര്‍വകലാശാലയുടെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ 'കേരളനാടകം'ഇന്നലെ കോഴിക്കോട് പ്രകാശനം ചെയ്തു. ഗുണ്ടര്‍ട്ട് രേഖാലയ പരമ്പരയുടെ ഭാഗമായാണ് സര്‍വകലാശാലയുടെ ഗുണ്ടര്‍ട്ട് ചെയര്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്ത് മലയാള സാഹിത്യത്തില്‍ നിന്നും കാണാതെ പോയ കൃതികളാണ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്നത്.
എഴുത്തച്ഛന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗദ്യ കൃതിയാണ് കേരള നാടകം എന്നാണ് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്. ഈ കൃതിയുടെ മൂലകൃതി ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രസ്തുത കൃതി എഴുത്തച്ഛന്റേതല്ലെന്ന ഉള്ളൂരിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന രീതിയിലാണ് സര്‍വകലാശാല പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
കേരളനാടകത്തിന്റെ കര്‍ത്താവ് ഗുണ്ടര്‍ട്ട് തന്നെയാണെന്നാണ് സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം പറയുന്നത്. അതേസമയം എഴുത്തച്ഛന്റേതെന്ന് പ്രചരിച്ചിരുന്ന വാദത്തിന്റെ സത്യാവസ്ഥ ഗവേഷകരാണ് കണ്ടത്തേണ്ടതെന്നും പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ പറയുന്നു.
രണ്ട് മാസത്തിനകം രേഖാലയ പരമ്പരയുടെ രണ്ടാമത്തെ പ്രസിദ്ധീകരണമായ നളചരിതമണിപ്രവാളം പുറത്തിറങ്ങുമെന്ന് സര്‍വകലാശാല അക്കാദമിക് ഡീനും കേരളനാടകം പുസ്തകത്തിന്റെ എഡിറ്ററുമായ പ്രൊഫ. എം.ശ്രീനാഥന്‍'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."