പൊലിസില്‍ പ്രതികളെ ചോദ്യം ചെയ്യുന്ന രീതി മാറും
ഏറ്റുമാനൂര്‍: പൊലിസ് പ്രതികളെ ചോദ്യം ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു. നൂതന സജ്ജീകരണങ്ങളും ഉപകരണങ്ങളുമായി പ്രതികളെ ചോദ്യം ചെയ്യുന്നതിന് തയാറാക്കുന്ന ആധുനിക ചോദ്യം ചെയ്യല്‍ മുറികളില്‍ ആദ്യത്തേത് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അന്താരാഷ്ട്ര നിലവാരത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ചോദ്യം ചെയ്യല്‍ മുറികള്‍ ഓരോ ജില്ലയ്ക്കും ഒന്നു വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തേതാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. പൊലിസ് സ്റ്റേഷനിലോ സ്റ്റേഷന്റെ ഭാഗമായോ അല്ല ഇവ പ്രവര്‍ത്തിക്കുക. പ്രമാദമായ കേസുകളിലെ പ്രതികളെ ചോദ്യം ചെയ്യാനാണ് ഈ സംവിധാനം ഉപയോഗിക്കുക.
രണ്ടു മുറികളിലായാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു മുറിയില്‍ പ്രതിയും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനും മാത്രമായിരിക്കും. അടുത്ത മുറിയില്‍ വീഡിയോ, ഓഡിയോ റിക്കോര്‍ഡിംഗ്. വയര്‍ലസ് ഇന്റര്‍വ്യൂവിംഗ് സിസ്റ്റവും ഇതോടൊപ്പമുണ്ട്. ഇവിടെയിരുന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യല്‍ നിരീക്ഷിക്കാനും പ്രതി അറിയാതെ തന്നെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും.
പ്രതിയുടെ ഭാവമാറ്റങ്ങളും സംസാരത്തിലുള്ള വ്യതിയാനവും മറ്റും ഇപ്പുറത്തിരുന്ന് മനസിലാക്കി നിര്‍ദേശങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ വീഡിയോയും ഓഡിയോയും പകര്‍ത്തി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള സംവിധാനവുമുണ്ട്. അമേരിക്കന്‍ സാങ്കേതികവിദ്യയും ജര്‍മന്‍ നിര്‍മിത ഉപകരണങ്ങളും ഇതിന്റെ ഭാഗമാണ്. അഞ്ച് ലക്ഷം രൂപയാണ് സജ്ജീകരണത്തിനായി ചെലവായിട്ടുള്ളത്.ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിച്ച സ്ത്രീകളുടെ രക്ഷക്കായുള്ള സ്വയം പ്രതിരോധ പരിശീലനകേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. എ.ആര്‍.സി അസിസ്റ്റന്റ് കമാന്‍ഡന്റ് ജി.അശോക് കുമാര്‍ അധ്യക്ഷനായിരുന്നു.
എ.ആര്‍.സി അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷ്‌കുമാര്‍ പി.എസ്, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്. പി എന്‍.സജീവ്കുമാര്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ്, ഏറ്റുമാനൂര്‍ സി.ഐ മാര്‍ട്ടിന്‍, വനിതാ സെല്‍ സി.ഐ എന്‍.ഫിലോമിന, ഏറ്റുമാനൂര്‍ എസ്.ഐ അശോക് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."