നഴ്‌സുമാരുടെ മിനിമം വേതനം: ആശുപത്രി ഉടമകളുടെ അപ്പീല്‍ തള്ളി
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമംവേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിള്‍ബെഞ്ച് അനുവദിക്കാത്തതിനെതിരേ ആശുപത്രി ഉടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.
വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയര്‍മാന്‍ ഹുസൈന്‍ കോയ തങ്ങളും ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിക്കവേ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹരജിക്കാര്‍ ഉന്നയിച്ചെങ്കിലും സിംഗിള്‍ബെഞ്ച് അനുവദിച്ചില്ല. വിശദമായ വാദം കേട്ടശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
മിനിമംവേതന നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് വെള്ളിയാഴ്ച അപ്പീല്‍ പരിഗണിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതിനുമുന്‍പ് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും നിലപാട് തേടിയിരുന്നു. ഈ അവസരത്തില്‍ വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്ന് സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ച കോടതി സിംഗിള്‍ബെഞ്ച് നിലപാടില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ തള്ളിയത്.
സ്റ്റേ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന ഒരുകാര്യവും അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമംവേതനം ഉറപ്പാക്കി ഏപ്രില്‍ 23ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമെന്നായിരുന്നു ഹരജിയിലെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."