ചികിത്സക്കിടെ ഗര്‍ഭിണിയുടെ മരണം;
മഞ്ചേരി: ചികിത്സക്കിടെ അശ്രദ്ധ മൂലം ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രിയും 12,50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി വിധി. തിരൂര്‍ നോര്‍ത്ത് ബി. പി അങ്ങാടി കാട്ടിച്ചിറ റോഡ് മുണ്ടേക്കാട്ട് ഹനീഫ-സൈനബ ദമ്പതികളുടെ മകള്‍ ജുബൈരിയ (21) ആണ് മരിച്ചത്. മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ജഡ്ജി വിജയന്‍, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി .
ഗര്‍ഭിണിയായ ജുബൈരിയയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനാല്‍ 2010 ജൂണ്‍ 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ അവധിയിലായതിനാല്‍ മറ്റൊരു ഗൈനക്കോളജിസ്റ്റാണ് പരിശോധിച്ചത്. ജുബൈരിയ ഉയര്‍ന്ന പ്രമേഹ ബാധിതയാണെന്ന് പരിശോധനയില്‍ കണ്ടെത്താന്‍ ഡോക്ടര്‍ക്ക് സാധിച്ചിരുന്നില്ല.അതിനിടെ ജൂണ്‍ 21ന് നടന്ന പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ശരീരം നീക്കം ചെയ്യുന്നതിനിടെ ഗര്‍ഭാശയത്തില്‍ മുറിവുണ്ടാകുകയും അമിത ബ്ലീഡിങ് സംഭവിക്കുകയും ചെയ്തു.
32 കുപ്പി രക്തം നല്‍കിയെങ്കിലും നില ഗുരുതരമായി തുടര്‍ന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി 23ന് കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ചികിത്സ ഫലിക്കാതെ ജൂണ്‍ 25ന് ജുബൈരിയ മരണത്തിനു കീഴടങ്ങുകയായിരുന്നു. മാതാവ് സൈനബയുടെ പരാതിയില്‍ തിരൂര്‍ പൊലിസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തിരുന്നു. ജുബൈരിയയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധയാണന്നും നേരത്തെ വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്തിരുന്നുവെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നുമുള്ള വാദം കോടതി ശരിവച്ചു. ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ആശുപത്രി മാനേജരുമാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."