രാജ്യപൈതൃകത്തെ കളങ്കപ്പെടുത്താന്‍ ഭരണാധികാരികള്‍ കൂട്ടുനില്‍ക്കരുത്: മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍
ചേളാരി: രാജ്യത്തിന്റെ മതേതര പൈതൃകത്തെയും സൗഹാര്‍ദാന്തരീക്ഷത്തെയും തകര്‍ക്കുന്നതിനും മൗലികാവകാശങ്ങള്‍ ഹനിക്കുന്നതിനും ഭരണാധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. വ്യക്തികളുടെ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് നേരെ നടന്ന ക്രൂരമായ ഇടപെടലാണ് ഏതാനും ദിവസം മുന്‍പ് രാഷ്ട്രപിതാവിന്റെ ജന്മനാട്ടില്‍ വനിതാ ജനപ്രതിനിധികള്‍ക്ക് നേരെ നടന്നത്.
എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നും ഭരണാധികാരികളും ഭരിക്കുന്ന പാര്‍ട്ടിക്കാരും തീരുമാനിക്കണമെന്നത് പരിഹാസ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചുവരുന്ന പീഡനങ്ങളെ യോഗം അപലപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേളാരി സമസ്താലയം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ടി. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. ഡോ. എന്‍. എ. എം അബ്ദുല്‍ഖാദിര്‍, കെ. പി. പി തങ്ങള്‍ പയ്യന്നൂര്‍, അബ്ദുല്‍റശീദ് കൊല്ലം, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, കെ. പി കോയ, ഹാജി സാദാലിയാഖത്തലിഖാന്‍, കെ. എം. കുട്ടി എടക്കുളം, എ. ടി. എം കുട്ടി മൗലവി, എം. പി അലവി ഫൈസി, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ. പി. പി തങ്ങള്‍, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, എ. കെ. കെ മരക്കാര്‍, വി. കുഞ്ഞിമുഹമ്മദ് ഹാജി അകലാട്, അഡ്വ. നാസര്‍ അലനല്ലൂര്‍, സി. കെ സിയാദ് ചെമ്പറക്കി, അബ്ദുസ്സലാം ഹാജി പെരിങ്ങാല, ശരീഫ് കുട്ടി ഹാജി ചങ്ങനാശ്ശേരി, റഫീഖ് ഹാജി ദക്ഷിണകന്നഡ, മൊയ്തീന്‍നബ്ബ ഹാജി മംഗളൂരു പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ. എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും ഷാഹുല്‍ഹമീദ് മേല്‍മുറി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."