വാളയാറിന് പിന്നാലെ പൊലിസിന്റെ അനാസ്ഥ കൊല്ലത്തും
കൊല്ലം: കുണ്ടറയില്‍ രണ്ടുമാസംമുന്‍പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരി, ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ സി.ഐ ആര്‍. സാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികളെന്നു കരുതുന്ന രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു നാന്തിരിക്കല്‍ സ്വദേശിയായ പെണ്‍കുട്ടി വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.
കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കേസില്‍ രണ്ടു മാസമായിട്ടും നടപടി എടുത്തില്ലെന്നാരോപിച്ച് ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ്, കുട്ടി മരിച്ച ദിവസം തന്നെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഒരു മാസം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും സി.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇന്നലെ സമരം ശക്തമായതോടെയാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതും രാത്രിയോടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐയെ സസ്‌പെന്‍ഡ് ചെയ്തതും.
കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. കുറിപ്പ് എഴുതിയിരിക്കുന്നത് പഴയ ലിപിയിലാണ്. ഇതും സംശയത്തിനു പ്രധാനകാരണമായിട്ടും പൊലിസ് ആത്മഹത്യയെന്ന നിലപാടാണ് സ്വീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. സ്വകാര്യ ഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 16ന് തന്നെ റൂറല്‍ എസ്. പിക്കും കുണ്ടറ സി. ഐക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റുചെയ്യുകയോ ചെയ്തിരുന്നില്ല.
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നലെ കൊല്ലം ഡി. സി. സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി. വൈ. എഫ്. ഐ, ബി. ജെ. പി എന്നീ സംഘടനകളുടെ നേതൃത്വത്തിലും പൊലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ദക്ഷിണ മേഖലാ ഐ. ജി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കൊല്ലം ശിശുക്ഷേമ സമിതിയും കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പലും റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ലോക്കല്‍ പൊലിസും റിപ്പോര്‍ട്ട് ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."