വ്യാജ വാട്‌സ്ആപ്പ് സന്ദേശം; തമിഴ്‌നാട്ടില്‍ രണ്ട് പേരെ അടിച്ചുകൊന്നു
ചെന്നൈ: വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം അടിച്ച് കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പുറത്തുനിന്നുള്ള സംഘം എത്തിയിട്ടുണ്ടെന്ന വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ചവരാണ് രണ്ട് പേരെ കൊലപ്പെടുത്തിയത്. തിരുവണ്ണാമല ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ചെന്നൈയില്‍ നിന്നുള്ള അഞ്ചംഗ കുടുംബം യാത്രക്കിടെ പുലൂരിലെ ക്ഷേത്ര സന്ദര്‍ശനത്തിനിറങ്ങിയപ്പോഴാണ് 200 ഓളം വരുന്ന ആള്‍ക്കൂട്ടം ആക്രമിച്ചത്.
കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്തതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്. കുട്ടികളെ ചോക്ലേറ്റ് നല്‍കി തട്ടിക്കൊണ്ടുപോവാനുള്ള ശ്രമമാണെന്ന പ്രചാരണമുണ്ടായി. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രുഗ്മണി (65)യാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ നാല് പേര്‍ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലാണ്. 200 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ബുധനാഴ്ച പലവര്‍ക്കാടാണ് രണ്ടാമത്തെ സംഭവം. ഗണേഷ് (30) എന്നയാളെയാണ് 90 ഓളം നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. ഇയാളെ മര്‍ദിച്ചതിന് ശേഷം പാലത്തില്‍ കീഴ്‌പോട്ട് കെട്ടിത്തൂക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഗണേഷിന് മാനസിക രോഗമുണ്ടെന്ന് ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും അറിയാമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ 20 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമുണ്ടെന്ന വ്യാജ സന്ദേശം തമിഴ്‌നാട്ടിലെ വടക്കന്‍ മേഖലകളില്‍ വാട്‌സ്ആപ്പ് വഴി വളരെയധികം പ്രചരിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ജനക്കൂട്ടം ആക്രമണം നടത്തുന്നതെന്ന് പൊലിസ്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."