ഉ.കൊറിയയുമായി അര്‍ഥവത്തായ ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അര്‍ഥവത്തായ ചര്‍ച്ച നടത്താനാകുമെന്നാണു പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അടുത്ത മാസം കിമ്മുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ വേദി പ്രഖ്യാപിച്ചതിനു പിറകെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.
ജൂണ്‍ 12നാണ് യു.എസ്-ഉ.കൊറിയ ഉച്ചകോടി നടക്കുന്നത്. സിംഗപ്പൂരാണു ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കു വേദിയാകുക. കഴിഞ്ഞ ദിവസം ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദീര്‍ഘകാലത്തെ വാക്ക്പോരനും പരസ്പര പ്രകോപനങ്ങള്‍ക്കും ശേഷമാണ് ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയ്ക്കു തയാറായത്. കിം ജോങ് ഉന്‍ നേരിട്ടാണ് ട്രംപിനോട് ആവശ്യമുയര്‍ത്തിയത്.
ഉ.കൊറിയ വിട്ടയച്ച മൂന്ന് യു.എസ് പൗരന്മാരെ സ്വീകരിച്ചതിനു ശേഷമാണ് ഉച്ചകോടിയുടെ സ്ഥലവും സമയവും ട്രംപ് പ്രഖ്യാപിച്ചത്.
വാഷിങ്ടണിനടുത്തുള്ള ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ ഭാര്യ മെലാനിയക്കൊപ്പമെത്തിയ ട്രംപ് തടവില്‍നിന്നു വിട്ടയച്ച മൂന്നു പൗരന്മാരെയും സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."