നൈജീരിയ; കാല്‍പന്തുകൊണ്ട് ചരിത്രം എഴുതിയവര്‍
1994, അമേരിക്കന്‍ സമയം 7.30, ഡള്ളാസിലെ കോട്ടന്‍ ബൗള്‍ സ്റ്റേഡിയത്തിലേക്ക് ആഫ്രിക്കയില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഒഴുക്കായിരുന്നു. പ്രത്യേകിച്ച് നൈജീരിയയില്‍ നിന്ന്. നൈജീരിയന്‍ ഫുട്‌ബോള്‍ ക്ലബുകളായ ലോബി സ്റ്റാര്‍സ്, കാനോ പില്ലാര്‍സ്, കാട്‌സിനാ യുനൈറ്റഡ്, പ്ലാറ്റിയു യുനൈറ്റഡ് തുടങ്ങിയ ടീമുകളില്‍ കളിച്ച് കരുത്ത് തെളിയിച്ച കരുത്തരായ ആഫ്രിക്കന്‍ പടക്കുതിരകള്‍ ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ അങ്കത്തിനായി കളത്തിലിറങ്ങുകയാണ്. ഇതു കാണാനും അവരെ പ്രോല്‍സാഹിപ്പിക്കാനുമായിട്ടാണ് നൈജീരിയക്കാര്‍ അന്ന് ആദ്യമായി പുറത്തുപോയി കളികാണുന്നത്. ലോകകപ്പില്‍ കളിക്കുന്ന തങ്ങളുടെ ടീമിനെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കണം. ആദ്യ ലോകകപ്പിലെ ആദ്യ മത്സരം. കളത്തിലെ 11 പേരുടേയും ഗാലറിയില്‍ ആര്‍പ്പുവിളിക്കുന്ന 10,000 ത്തോളം വരുന്ന നൈജീരിയക്കാരുടെയും നെഞ്ച് 90 മിനുട്ടും ഇടിച്ചുകൊണ്ടേയിരുന്നു. കാരണം അത്രത്തോളം പ്രാധാന്യമുണ്ട് ഇന്നത്തെ മത്സരത്തിന്. തങ്ങള്‍ ലോകകപ്പില്‍ ജേതാക്കളാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിലും ആദ്യ മത്സരത്തിലെങ്കിലും പരാജയപ്പെടരുതേ എന്ന പ്രാര്‍ഥന മാത്രം. ആദ്യ ലോകകപ്പിനെത്തിയ നൈജീരിയയുടെ പ്രാര്‍ഥന ശരിക്കും ദൈവം കേട്ടു. യൂറോപ്യന്‍ ശക്തികളായ ബള്‍ഗേറിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയാണ് നൈജീരിയ അന്ന് കളംവിട്ടത്. അങ്ങനെ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് തന്നെ നൈജീരിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ പൊന്‍തൂവലായി.
അന്ന് നൈജീരിയയുടെ ഗ്രൂപ്പിലുണ്ടായിരുന്ന അര്‍ജന്റീനയുമായുള്ള മത്സരം 2-1 പരാജയപ്പെട്ടു. ഗ്രീസുമായുള്ള മൂന്നാം മത്സരത്തിലും 2-0 ഗംഭീര വിജയം നേടി. അങ്ങനെ ആദ്യ ലോകകപ്പ് ആഘോഷമാക്കിയിട്ടാണ് നൈജീരിയി നാട്ടിലേക്ക് തിരിച്ച് വണ്ടി കയറിയത്. പിന്നീട് ചരിത്രങ്ങളോരോന്നും നൈജീരിയക്ക് പിന്നാലെ വന്നു.
1949ല്‍ ബ്രിട്ടീഷ് കോളനിയായിരിക്കുന്ന സമയത്ത് തന്നെ നൈജീരിയ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നീട് 55 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആഫ്രിക്കന്‍ ശക്തികളായ നൈജീരിയ ലോകകപ്പില്‍ പന്തു തട്ടാനെത്തിയത്. മൂന്ന് തവണ ആഫ്രിക്കന്‍ ചാംപ്യന്‍മാരാകാനും നൈജീരിയക്ക് സാധിച്ചിട്ടുണ്ട്.
1994 ല്‍ ഫിഫയുടെ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് വരെ എത്താന്‍ ആഫ്രിക്കന്‍ കരുത്തര്‍ക്കായിട്ടുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആഫ്രിക്കന്‍ രാജ്യം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തുന്നത്. ഏഴാം തവണത്തെ ലോകകപ്പ് കളിക്കാനാണ് നൈജീരിയന്‍ ടീം റഷ്യയിലേക്ക് വണ്ടി കയറുന്നത്. ഗ്രൂപ്പില്‍ ശക്തരായ എതിരാളികളുണ്ടെങ്കിലും വമ്പന്‍ ടീമുകളുടെ അത്താഴം മുടക്കാനുള്ള ശക്തിയും കഴിവും ഈ ശക്തകര്‍ക്കുണ്ട്. 2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ നൈജീരിയക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ പ്രീക്വാര്‍ട്ടറിലെത്തിയതാണ് നൈജീരിയയുടെ ലോകകപ്പിലെ ഏറ്റവും വലിയ സമ്പാദ്യം. എന്നാലും പ്രാഥമിക ഘട്ടങ്ങളിലെ കളികളില്‍ പല വമ്പന്‍മാരെയും മലര്‍ത്തിയടിക്കാന്‍ നൈജീരിയക്കായിട്ടുണ്ട്. 2018 ലോകകപ്പില്‍ അര്‍ജന്റീന, ക്രൊയേഷ്യ, ഐസ്‌ലന്റ് എന്നിവര്‍ക്കൊപ്പമാണ് നൈജീരയുള്ളത്. ശക്തരായ ക്രൊയേഷ്യയേയും അര്‍ജന്റീനയേയും തുരത്താന്‍ തയ്യാറായിട്ടാണ് സംഘം റഷ്യയിലേക്ക് വണ്ടി കയറുന്നത്.
2017ല്‍ അര്‍ജന്റീനയുമായുള്ള സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയെ 2-4 എന്ന സ്‌കോറിന് തുരത്തി വിട്ട ഓര്‍മയുമായിട്ട് തന്നെയായിരിക്കും നൈജീരിയയുടെ വരവ്. എന്തായാലും കളത്തില്‍ കരുത്ത് ചോരാത്ത ആഫ്രിക്കന്‍ കുതിരകളുടെ തേരോട്ടം കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."