ജിഷ വധം: മൂന്നുപേര്‍കൂടി പ്രതിയെ തിരിച്ചറിഞ്ഞു
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറിനെ മൂന്ന് പ്രധാന സാക്ഷികള്‍ കൂടി തിരിച്ചറിഞ്ഞു. അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ജോര്‍ജ്, ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത പ്രതിയുടെ ചെരുപ്പ് വില്‍പ്പന നടത്തിയയാള്‍, ജിഷയുടെ വീടിനടുത്തുള്ള പലചരക്ക് വ്യാപാരി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇവരെ വളരെ രഹസ്യമായി ആലുവ പൊലിസ് ക്ലബ്ബിലെത്തിച്ച് എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച അയല്‍വാസിയായ വീട്ടമ്മ ശ്രീലേഖയും അമീറിനെ തിരിച്ചറിഞ്ഞിരുന്നു.
അതേസമയം ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരന്തരം മൊഴി മാറ്റിപ്പറയുന്നത് അന്വേഷണസംഘത്തെ നട്ടംതിരിക്കുകയാണ്. ഒരു ദിവസം തന്നെ പല തരത്തിലുള്ള മൊഴികളാണ് പ്രതി നല്‍കിക്കൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പറയുന്ന പല കാര്യങ്ങളും മറ്റ് സാങ്കേതിക പരിശോധനയില്‍ കളവാണെന്ന് തെളിയുന്നുമുണ്ട്. കൊലനടന്ന അന്ന് രാത്രി താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ അമീര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് തെളിഞ്ഞത്. ജിഷയുമായി ആദ്യം സൗഹൃദമുണ്ടായിരുന്നെന്ന് പറഞ്ഞ ഇയാള്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ അത് മാറ്റി പറയുകയും ചെയ്തു. നല്‍കിയ മൊഴികള്‍ ഓരോന്നായി മാറ്റിപറയുന്നുണ്ടെങ്കിലും കൊല നടത്തിയത് താന്‍ തന്നെയാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുമുണ്ട് പ്രതി.
ജിഷയുടെ വീടിനുപരിസരത്ത് സംഭവദിവസം രാവിലെ എത്തിയെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് ഇതും നിഷേധിച്ചു. ജിഷയുടെ അമ്മ താനുമായി വഴക്കുണ്ടാക്കിയെന്ന മൊഴിയും പിന്നീട് നിഷേധിക്കുകയാണുണ്ടായത്. അതേസമയം കൊലനടക്കുമ്പോള്‍ അമീറിനൊപ്പം മറ്റൊരാള്‍കൂടിയുണ്ടെന്ന നിഗമനത്തിലാണിപ്പോള്‍ അന്വേഷണസംഘം. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് മുറിവുകള്‍ താനേല്‍പ്പിച്ചതെന്നാണ് അമീര്‍ മൊഴി നല്‍കിയിരിക്കുന്നത്.
കൊലനടത്തിയശേഷം
ബേക്കറിയില്‍ നിന്നും ചായ കുടിച്ചതായി പ്രതി
കൊച്ചി: ഏപ്രില്‍ 28ന് കൊലനടത്തിയതിനുശേഷം വൈകിട്ട് ആറുമണിയോടെ ജിഷയുടെ വീടിന് 800 മീറ്റര്‍ അകലെയുള്ള വട്ടോളിപ്പടിയിലെത്തി ഒരു ബേക്കറിയില്‍ നിന്നും താന്‍ ചായ കുടിച്ചതായി പ്രതി അമീര്‍. സഹോദരന്‍ ബദറുല്‍ ഇസ്‌ലാമുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഇത് വെളിപ്പെട്ടത്. ഇതനുസരിച്ച് അന്വേഷണസംഘം വട്ടോളിപ്പടിയിലെ ബേക്കറിയിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. ബേക്കറി ഉടമയെ അമീറിന്റെ ചിത്രം കാണിച്ചുകൊടുത്തതായും ബേക്കറി ഉടമ ഇയാളെ തിരിച്ചറിഞ്ഞതായുമാണ് സൂചന.
അതേസമയം കൊലയ്ക്ക് ശേഷം ഇയാള്‍ ഓട്ടോറിക്ഷയില്‍ പോയെന്ന് കഴിഞ്ഞദിവസം പറഞ്ഞതും പിന്നീട് നിഷേധിച്ചു. ജിഷയുടെ വീട്ടില്‍ നിന്ന് എണ്ണൂറ് മീറ്ററോളം അകലെയുള്ള ബേക്കറിയില്‍ ഇയാള്‍ നടന്നെത്തിയെങ്കില്‍ ചോരപുരണ്ട ഉടുപ്പും കത്തിയുമൊക്കെ എവിടെ ഉപേക്ഷിച്ചെന്ന ചോദ്യവും പൊലിസിനെ ചുറ്റിക്കുന്നുണ്ട്. താമസസ്ഥലത്ത് ഇയാള്‍ സംഭവദിവസം രാത്രി ഏഴ് മണിക്ക് ഉണ്ടായിരുന്നെന്നും അതിനുശേഷമാണ് കാണാതായതെന്നും മറ്റ് അന്യസംസ്ഥാന തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഹൈദരാബാദിലെ
ഫോറന്‍സിക് സംഘം ജിഷയുടെ വീട്ടിലെത്തി
കൊച്ചി: ഹൈദരാബാദിലെ കേന്ദ്രഫോറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ധസംഘം ജിഷയുടെ വീട്ടിലെത്തി പരിശോധന നടത്തി. ജിഷയുടെ ഒറ്റമുറി വീട്ടില്‍ ഒരോ സ്ഥലത്തും സംഘം വിശദമായ പരിശോധന നടത്തി. ഇനിയും തിരിച്ചറിയാനുള്ള രണ്ട് വിരലടയാളങ്ങള്‍, ജിഷ പരിപാലിച്ചുവന്ന അക്വേറിയം തുടങ്ങിയവയില്‍ നിന്നൊക്കെ വിവരങ്ങള്‍ ശേഖരിച്ചു. ഉച്ചയോടെയാണ് സംഘം ജിഷയുടെ വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അതേസമയം പ്രതി അമീറിന്റെ ഡി.എന്‍.എ പരിശോധന വീണ്ടും നടത്തെണമന്ന അന്വേഷണസംഘത്തിന്റെ ആവശ്യം പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചു. മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ അമീറിന്റെ രക്തം,മുടി,ഉമിനീര്‍,നഖം എന്നിവ സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധനയ്ക്ക് ശേഖരിക്കും.
അനാര്‍ പിടിയിലെന്ന് സൂചന
കൊച്ചി: അമീറിന്റെ സുഹൃത്ത് അനാറുല്‍ ഇസ്‌ലാം പൊലിസ് കസ്റ്റഡിയിലായതായി സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് പൊലിസ് നിഗമനം. കൊലനടന്ന ദിവസം അമീറുമായ് കൂടുതല്‍ സമയം അനാര്‍ ചെലവഴിച്ചതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താനും അമീര്‍ കൊലനടത്തിയ ദിവസം ഉപയോഗിച്ച വസ്ത്രം കണ്ടെത്താനുമൊക്കെ ഇയാളിലൂടെ സാധിക്കുമെന്ന നിഗമനത്തിലാണ് പൊലിസ്.
അനാറിനെ അസമില്‍ അന്വേഷണസംഘം ചോദ്യം ചെയ്‌തെങ്കിലും പിന്നീട് ഇയാള്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.ഇയാള്‍ കേരളത്തിലെത്തിയതായി ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ടെലഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അനാര്‍ പിടിയിലായതായാണ് സൂചന. അതേസമയം കൊല്ലത്തുനിന്ന് അമീറിന്റെ മറ്റൊരു സുഹൃത്തുകൂടി പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."