മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ പ്രവര്‍ത്തനം കാര്യക്ഷമതയില്ലാത്തതെന്ന് സര്‍ക്കാര്‍
കൊച്ചി: മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ പ്രവര്‍ത്തനം കാര്യക്ഷമതയില്ലാത്തതാണെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തിലും പെരുമ്പാവൂര്‍ ജിഷ വധക്കേസിലും ഡി.ജി.പിയായിരുന്ന ടി.പി സെന്‍കുമാറിന്റെ ഇടപെടല്‍ സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റുകയല്ലാതെ മറ്റു പോംവഴി ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ വ്യക്തമാക്കി.
ഡി.ജി.പി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരേ ടി.പി സെന്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്. പുറ്റിങ്ങല്‍ ദുരന്തത്തിലും ജിഷ വധക്കേസിലും കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സെന്‍കുമാര്‍ ശ്രമിച്ചത്. പുറ്റിങ്ങല്‍ ദുരന്തത്തില്‍ മറ്റു വകുപ്പുകളെ പഴിചാരി പൊലിസ് ഉദ്യോഗസ്ഥരെ വെള്ളപൂശാന്‍ ശ്രമിച്ചു. ഇതു പൊതുജനങ്ങള്‍ക്കിടയില്‍ വലിയ അസംതൃപ്തിയുണ്ടാക്കിയെന്നും ഇത്തരം സാഹചര്യങ്ങളില്‍ പൊലിസ് മേധാവിയെ മാറ്റാനാകുമെന്ന് കേരള പൊലിസ് ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുറ്റിങ്ങല്‍ ദുരന്തക്കേസില്‍ സെന്‍കുമാര്‍ ഇടപെട്ട് അന്വേഷണ സംഘത്തെ മാറ്റാന്‍ ശ്രമിച്ചുവെന്നും പത്രികയില്‍ പറയുന്നു.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള പൊലിസിന്റെ അന്വേഷണം എക്കാലത്തെയും വലിയ നാണക്കേടായി മാറി. ജിഷയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലിസ് ധൃതി കാട്ടി. ഏപ്രില്‍ 28 ന് ജിഷ കൊല്ലപ്പെട്ടുവെങ്കിലും അഞ്ചു ദിവസം കഴിഞ്ഞാണ് ഡി.ജി.പി ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായിക്കഴിഞ്ഞാണ് ഡി.ജി.പി സര്‍ക്കാരിനെ അറിയിച്ചത്. ഡി.ജി.പിയുടെ റിപ്പോര്‍ട്ടുകളിലൊന്നും സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിരുന്നില്ല. പൊലിസിന്റെ അലംഭാവം പൊതുജനങ്ങളുടെ വിമര്‍ശനത്തിനിടയാക്കി. ഡി.ജി.പിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പരാജയമായി ഈ സംഭവം ചിത്രീകരിക്കപ്പെട്ടു. സെന്‍കുമാറിന്റെ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിഛായെയും പൊതുജനങ്ങളുടെ സുരക്ഷിതത്വ ബോധത്തെയും ബാധിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റി കഴിവുള്ളൊരാളെ നിയമിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചു. ജിഷവധക്കേസിന്റെ അന്വേഷണത്തില്‍ ഇതിനു ഫലമുണ്ടായെന്നും പത്രികയില്‍ പറയുന്നു.
ഡി.ജി.പി സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും റാങ്കിലോ ശമ്പളത്തിലോ കുറവു വരുത്തിയിട്ടില്ല. ഡി.ജി.പി പദവിയിലേക്ക് ഒരുദ്യോഗസ്ഥനെ നിയമിക്കുന്നത് സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കിയല്ല. സെന്‍കുമാര്‍ ഡി.ജി.പിയാകുമ്പോള്‍ അദ്ദേഹത്തേക്കാള്‍ സീനിയറായ ഉദ്യോഗസ്ഥര്‍ സര്‍വിസിലുണ്ടായിരുന്നു. സെന്‍കുമാറിനെ മാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. ശിക്ഷാ നടപടിയല്ല. ഈ മാറ്റത്തിന് സര്‍ക്കാര്‍ മാറിയതുമായി ബന്ധമില്ലെന്നും നിയമനാധികാരി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് നടപടിയെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."